യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം; മുഈനലി തങ്ങള്‍ക്ക് സാധ്യത, ചരടുവലി ശക്തമാക്കി പി.കെ ഫിറോസ്-പി.കെ നവാസ് പക്ഷം

malayalampress
1 Min Read

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമവായ നീക്കവുമായി ലീഗ് നേതൃത്വം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ പി.കെ ഫിറോസ്-പി.കെ നവാസ് പക്ഷം ചരടുവലി നടത്തുന്നതിനിടെയിലാണ് ലീഗ് നേതൃത്വത്തിന്റെ നീക്കമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് പാണക്കാട് കുടുംബാംഗത്തെ കൊണ്ടുവന്ന് സമവായത്തിലെത്തിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂറിനെ പരിഗണിക്കണം എന്നായിരുന്നു പി.കെ ഫിറോസ് വിഭാഗത്തിന്റെ ആവശ്യം.

ജനപ്രതിനിധികള്‍ക്ക് സംഘടനാ പദവി നല്‍കരുതെന്ന ആവശ്യവും ഫിറോസ് പക്ഷം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ പി.കെ നവാസസ് എംഎല്‍എയുടെ പേര് യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും ഒറ്റപ്പദവി വാദം തിരിച്ചടിയാകും.

ഇരുവിഭാഗവും സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ലീഗ് നേതൃത്വം മുഈനലി തങ്ങളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാന്‍ ശ്രമിക്കുന്നത്. പി.കെ നവാസ് പക്ഷം സി.കെ നജാഫിനെ ജനറല്‍ സെക്രട്ടറി ആക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും സീനിയോരിറ്റി പരിഗണിച്ച് മിസ്ഹബ് കീഴരിയൂറിന് നറുക്ക് വീഴാനാണ് സാധ്യത.

ഒറ്റപദവി നിബന്ധന കര്‍ശനമാക്കിയില്ലെങ്കില്‍ പി.കെ നവാസിനെ സീനിയര്‍ വൈസ് പ്രസിഡന്റായും നജാഫിനെ ട്രഷറായും പരിഗണിച്ചേക്കും. നവംബറിലാണ് യൂത്ത് ലീഗ് പുനഃസംഘടന ഉണ്ടാകുക

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!