റിയാദ്: സഊദിയിൽ വാഹനം ഓടിക്കുന്നയാൾ മാറുന്നതനുസരിച്ച് ഇൻഷുറൻസ് പരിരക്ഷയിലും വ്യത്യാസമുണ്ടാകാമെന്നും പോളിസിയുടെ സ്വഭാവവും വ്യവസ്ഥകളും പരിശോധിക്കാതെ വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നത് ഒഴിവാക്കണമെന്നും ഇൻഷുറൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. തേർഡ് പാർട്ടിക്കുള്ള നഷ്ടപരിഹാരവും ഇൻഷുർ ചെയ്ത സ്വന്തം വാഹനത്തിനുള്ള നഷ്ടപരിഹാരവും രണ്ട് വ്യത്യസ്ത പരിരക്ഷകളാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
വ്യവസ്ഥകൾക്ക് വിധേയമായി അടുത്ത ബന്ധുക്കൾക്ക് പരിരക്ഷ
സ്വകാര്യ വാഹനങ്ങളുടെ കോംപ്രിഹെൻസീവ് ഇൻഷുറൻസിൽ പോളിസി ഉടമയ്ക്കു പുറമെ പിതാവ്, മാതാവ്, ഭർത്താവ്, ഭാര്യ, മകൻ, മകൾ, സഹോദരൻ, സഹോദരി തുടങ്ങിയ അടുത്ത ബന്ധുക്കളായ ഡ്രൈവർമാർക്കും വ്യവസ്ഥകൾക്ക് വിധേയമായി പരിരക്ഷ ലഭിക്കും. പോളിസി ഉടമയുടെ സ്പോൺസർഷിപ്പിലുള്ള ഡ്രൈവർക്കും തൊഴിൽ കരാർ പ്രകാരം അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കും പരിരക്ഷ ലഭിക്കാം. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത മറ്റൊരാൾ വാഹനം ഓടിക്കണമെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ നടപടിക്രമങ്ങൾ അനുസരിച്ച് അയാളെ ‘നെയിംഡ് ഡ്രൈവർ’ ആയി പോളിസിയിൽ ചേർക്കാം.
അതേസമയം, കോംപ്രിഹെൻസീവ് പോളിസിയിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത, എന്നാൽ നിയമപരമായി വാഹനം ഓടിക്കാൻ യോഗ്യതയുള്ള ഒരാൾ അപകടമുണ്ടാക്കിയാൽ തേർഡ് പാർട്ടിക്ക് നിർബന്ധിത വാഹന ഇൻഷുറൻസ് വ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാം. എന്നാൽ അപകടത്തിൽ ഇൻഷുർ ചെയ്ത സ്വന്തം വാഹനത്തിനുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നില്ല. അധിക കവറേജ് എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ചില സാഹചര്യങ്ങളിൽ സ്വന്തം വാഹനത്തിനും പരിരക്ഷ ലഭിക്കൂ.
തേർഡ് പാർട്ടി ഇൻഷുറൻസിൽ ഡ്രൈവർ വാഹന ഉടമയുടെ ബന്ധുവായിരിക്കണമെന്നോ പേര് പോളിസിയിൽ രേഖപ്പെടുത്തിയിരിക്കണമെന്നോ നിർബന്ധമില്ല. എന്നാൽ ഡ്രൈവിങ്ങിനുള്ള നിയമപര mമായ യോഗ്യതയും പോളിസിയിലെ മറ്റു നിബന്ധനകളും ബാധകമായിരിക്കും.
ഫിനാൻസിങ് വഴി ലീസിന് എടുത്ത വാഹനങ്ങളുടെ കോംപ്രിഹെൻസീവ് ഇൻഷുറൻസിൽ അംഗീകൃത ഡ്രൈവർമാർക്കാണ് പ്രധാനമായും വാഹനത്തിന്റെ പരിരക്ഷ ബാധകമാകുക. മറ്റൊരു ഡ്രൈവറെ ചേർക്കണമെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഇൻഷുറൻസ് കമ്പനിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
നിർബന്ധമായും പരിശോധിക്കണം
അതിനാൽ ‘കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഉണ്ടങ്കിൽ ആര് വാഹനം ഓടിച്ചാലും എല്ലാ നഷ്ടവും ലഭിക്കും’ എന്ന ധാരണ ശരിയല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. മറ്റൊരാളെ വാഹനം ഓടിക്കാൻ അനുവദിക്കുന്നതിന് മുമ്പ് പോളിസിയിലെ ഡ്രൈവർ വ്യവസ്ഥകൾ, കവറേജ്, ഒഴിവാക്കലുകൾ എന്നിവ നിർബന്ധമായും പരിശോധിക്കണമെന്നും ഇൻഷുറൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
