സഊദി-ഹൂതി സംഘർഷം രൂക്ഷം; സഊദിക്ക് അടി തെറ്റുന്നതായി റിപ്പോർട്ട്; ചെങ്കടൽ തീരപ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മുന്നേറുന്നു 

malayalampress
2 Min Read

സഊദി-ഹൂതി സംഘർഷം രൂക്ഷം; സഊദിക്ക് അടി തെറ്റുന്നതായി റിപ്പോർട്ട്; ചെങ്കടൽ തീരപ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മുന്നേറുന്നു

സൻആ: ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണങ്ങൾ രൂക്ഷമാകവെ സഊദി-ഹൂതി സംഘർഷവും കനക്കുന്നു. ഹൂതി നിയന്ത്രണത്തിലുള്ള യെമനിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ സഊദി അറേബ്യ 54 വ്യോമാക്രമണങ്ങൾ നടത്തിയതായാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ ആരോപണം. ഇതിന് മറുപടിയും ശിക്ഷയും നൽകാതെ പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സഊദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം തുടരുകയാണെന്ന് സഊദിയും ആരോപിച്ചു.

വ്യാഴാഴ്ച പുലർച്ചെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ആക്രമണ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ ആരോപണപ്രത്യാരോപണങ്ങൾ. നേരത്തെ സഊദിയിലെ എണ്ണ കേന്ദ്രങ്ങളെ ഹൂതികൾ ലക്ഷ്യമിടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഹൂതികൾ നടത്തിയ പീരങ്കിയാക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായി യെമൻ സർക്കാർ സേന ആരോപിച്ചു.

യെമനിലെ ഹജ്ജ പ്രവിശ്യയുടെ വ്യോമപരിധിയിൽ പ്രവർത്തിച്ചിരുന്ന കരിയാൽ വിഭാഗത്തിലുള്ള സഊദി അറേബ്യയുടെ ആയുധം വഹിക്കുന്ന നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും ഹൂതികൾ അവകാശപ്പെടുന്നുണ്ട്. അനുയോജ്യമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീ ടെലഗ്രാമിലൂടെ അറിയിച്ചത്.

ഇതിനിടെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ചെങ്കടൽ തീരത്ത് അതിവേഗം മുന്നേറുകയാണെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപാതകളിലൊന്നായ ബാബ് അൽ മന്ദബ് കടലിടുക്കിന്മേൽ കൂടുതൽ സ്വാധീനം നേടാനുള്ള നീക്കമെന്ന നിലയിലാണ് ഹൂതികളുടെ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യെമൻ സർക്കാർ സേനയ്‌ക്കെതിരെ തായിസ് നഗരത്തിന് പടിഞ്ഞാറ് ഹൂതികൾ നിർണായക വിജയം നേടിയതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒൻപത് ദിവസമായി മേഖലയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. തായിസിന് പടിഞ്ഞാറോട്ട് മുന്നേറാൻ ഹൂതികൾ ശ്രമിക്കുന്നതിന്റെ പ്രധാന ലക്ഷ്യം അൽ-മഖാ (മോക്ക) നഗരം പിടിച്ചെടുക്കുകയും ചെങ്കടൽ തീരപ്രദേശത്തിന്റെ നിയന്ത്രണം നേടുകയുമാണെന്നാണ് വിലയിരുത്തൽ. അൽ-മഖാ ഉൾപ്പെടെയുള്ള ചെങ്കടൽ തീരപ്രദേശങ്ങളുടെ നിയന്ത്രണം ലഭിക്കുന്നത് ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് തടയാനുള്ള നിർണായക തന്ത്രപരമായ മേൽക്കൈ ഹൂതികൾക്ക് നൽകും.

തെക്കൻ യെമനിലെ സർക്കാർ സേനയുടെ മൂന്ന് പ്രധാന വിതരണ പാതകൾ വിച്ഛേദിക്കാനും ഇതിലൂടെ ഹൂതി വിമതർക്ക് സാധിക്കും. അൽ-മഖാ നഗരം ഹൂതികൾ പൂർണമായും പിടിച്ചെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇനി സങ്കേതികമായ കാര്യം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. അൽ-മഖായിൽ നിന്ന് സർക്കാർ സേനയുടെ മുഴുവൻ സൈനിക വിഭാഗങ്ങളും പിൻവാങ്ങിയതായാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ പടിഞ്ഞാറൻ തായിസിൽ ഹൂതികൾ നിർണായക വിജയം നേടിയെന്നാണ് വിലയിരുത്തൽ. യെമന്റെ മുഴുവൻ ചെങ്കടൽ തീരവും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൂതികൾ മുന്നേറുന്നതെന്നാണ് ബന്ധപ്പെട്ട സ്രോതസുകളെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സഊദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവെച്ച മക്ക കരാർ ഒരു പ്രതിരോധ സഖ്യം മാത്രമാണെന്നും നിലവിൽ സഖ്യം വിപുലീകരിക്കാൻ പദ്ധതിയില്ലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിനിടെ സഊദി അറേബ്യക്കെതിരായ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ഇറാൻ ഹൂതികൾക്ക് നിർദേശം നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സഊദി അറേബ്യയുമായുള്ള പ്രതിരോധ കരാറിൽ പാകിസ്ഥാനും തുർക്കിയെയും പങ്കാളികളായതിനാൽ ഇസ്ലാമാബാദിന്റെ ഇറാനുള്ള മുന്നറിയിപ്പിന് വലിയ പ്രാധാന്യമുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!