രാജ്യവിരുദ്ധ പോസ്റ്റ്; സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ്, രണ്ട് UAPA കേസുകൾ ചുമത്തി

News Desk
1 Min Read

കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ് കണ്ടെത്തൽ. ഇയാൾക്കെതിരെ രണ്ട് യുഎപിഎ കേസുകൾ പോലീസ് ചുമത്തി. സനൂഫിന്റെ ഫോൺ പരിശോധിച്ചതോടെയാണ് തീവ്രവാദ ബന്ധം കണ്ടെത്തിയിരിക്കുന്നത്.

മെസേജിങ് ആപ്പായ സിഗ്നലിൽ സനൂഫ് ഉൾപ്പെട്ട ഗ്രൂപ്പുണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ആപ്പ് കേന്ദ്രീകരിച്ച് ഒരു സംഘടനയും ഭരണഘടനയും രൂപീകരിച്ചതായും പോലീസ് കണ്ടെത്തി. രാജ്യവിരുദ്ധമായ പദ്ധതികളും ഇതിലൂടെ ആസൂത്രണം ചെയ്തുവെന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു.

തൊടുപുഴ മുട്ടം പോലീസാണ് സനൂഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സനൂഫിനെ കോടതിയിൽ ഹാജരാക്കിയ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രണ്ടാമത്തെ യുഎപിഎ കേസിൽ സനൂഫടക്കം ആറ് പ്രതികളാണ് ഉള്ളത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. അതുകൊണ്ട് കേസുകൾ എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

വിദേശത്തായിരുന്ന സനൂഫ് കേരളത്തിലെത്തിയ ഉടൻ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് തീവ്രവാദ ബന്ധമുള്ള കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മകളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ രീതിയിൽ അധിക്ഷേപ കമന്റ് രേഖപ്പെടുത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള ആദ്യത്തെ കേസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!