അഹമ്മദാബാദ്: യുവതി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത്എ കൊലപാതകത്തിൽ. എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബൈക്ക് യാത്രികയായ ഇരുപത്തിരണ്ടുകാരി മരിച്ച വാർത്തയാണ് പൊലീസ് അന്വേഷണത്തിൽ ക്രൂരമായ കൊലപാതകമായത്. സോഫിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ചുരുളഴിയുകയായിരുന്നു . സോഫിയയെ കൊലപ്പെടുത്തിയതാകട്ടെ സ്വന്തം പിതാവും സഹോദരനും, അതും ദുരഭിമാനത്തിന്റെ പേരിൽ.
ആശുപത്രി റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരികയായിരുന്ന സോഫിയയെ പിതാവ് മുഹമ്മദ് ഫറൂഖും സഹോദരൻ മുഹമ്മദ് ഹാബിലും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം റോഡിൽ തള്ളുകയായിരുന്നു. സോഫിയയും ഒരു യുവാവുമായുള്ള വിഡിയോ വൈറലായതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.
ഓഗസ്റ്റ് 12ന് രാത്രിയാണ് സംഭവം. പിതാവും സഹോദരനും കൂടി സോഫിയയെ പുറത്തുകൊണ്ടുപോയി. പാതിവഴിയിൽ വച്ച് സഹോദരൻ ഹാബിൽ വാഹനം വഴിതിരിച്ച് ജെൽജിപുര എന്ന ഗ്രാമത്തിലെ മോശം റോഡിലേക്ക് വിടുകയും അവിടെവച്ച് സഹോദരിയുടെ തലയിൽ ചുറ്റികകൊണ്ട് നിരവധി തവണ അടിക്കുകയും ചെയ്തു. തുടർന്ന് സോഫിയയുടെ മൃതദേഹം പ്രധാന പാതയിൽ ഉപേക്ഷിക്കുകയും അമിതവേഗത്തിൽ എത്തിയ വാഹനമിടിച്ചുണ്ടായ അപകടമെന്ന് വരുത്തിതീർക്കാൻ ഇരുചക്രവാഹനം നശിപ്പിച്ച് റോഡിൽ ഇടുകയും ചെയ്തു. സോഫിയയും താനും സഞ്ചരിച്ച വാഹനത്തെ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിച്ചെന്നും സോഫിയയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും തനിക്ക് ചെറിയ പരുക്കുകളുണ്ടെന്നും ഹാബിൽ അധികൃതരെ അറിയിച്ചു. സോഫിയയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സോഫിയയുടേത് കൊലപാതകമാണെന്ന് തെളിയുന്നത്. മൂന്നു മാസം മുൻപ് സോഫിയയും ഒരു യുവാവും തമ്മിലുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് തുടർന്ന് പിതാവിനും സഹോദരനും അവരോട് അമർഷമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അത് കുടുംബത്തിന് നാണക്കേടാകുമെന്നു ഭയന്നാണ് കൊലപാതകമെന്നുമാണ് വിവരം. സോഫിയയേയും കൊണ്ട് പുറത്തു പോകുന്നതിനു മുൻപ് ഹാബിൽ ചുറ്റിക വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്നെന്നാണ് വിവരം. സംഭവത്തിൽ പ്രതികളായ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
