ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി; ​ഗർഭസ്ഥശിശു മരിച്ചു

News Desk
1 Min Read

ലഖ്നൗ: ഉത്തർ പ്രദേശിൽ ​ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി ​ഗർഭസ്ഥ ശിശു മരിച്ചു. ഗധ്വാർ സ്വദേശി പ്രദീപ് സിങ്ങിന്റെയും നിധിയുടേയും കുഞ്ഞാണ് മരിച്ചത്. റോഡിലെ കുഴിയിൽ രണ്ട് മണിക്കൂറിലധികമാണ് ആംബുലൻസ് കുടുങ്ങിയത്.

കഴിഞ്ഞ ബുധനാഴ്ച ബാഹിലാണ് സംഭവം. നിധിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചുവരുത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയാകെ തകർന്നതായിരുന്നു. ഇതുവഴിയുള്ള യാത്രയിൽ ആംബുലൻസ് റോഡിൽ കുടുങ്ങി.

പ്രദേശവാസികൾ ആംബുലൻസ് തള്ളി കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ട്രാക്ടറിൽ കെട്ടി വലിക്കുകയായിരുന്നു. ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനായത്. അപ്പോഴേക്കും കുഞ്ഞിന്റെ ശ്വാസം നിലച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് അധികാരികൾക്ക് കത്തെഴുതി. പരാതിയിൽ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനോദ് കുമാർ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!