കൊച്ചി: ‘‘ദേഹം നിറയെ വേദനയാണ്. എന്നാൽ കാണിച്ചു തരാൻ പാടുകളൊന്നുമില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിനുള്ളിൽ വേദനയാണ്. പുറത്ത് ഇടിച്ചതിന്റെ വേദന വേറെയും. കിടക്കുമ്പോൾ പിടിച്ചുകൊണ്ടല്ലാതെ തിരിയാൻ പോലും പറ്റില്ല. ഷോൾഡറിന്റെ ജോയിന്റിലൊക്കെ ഇടിച്ചു. കുറച്ചുനേരം കൈ തൂക്കിയിടുമ്പോൾ വേദനയെടുക്കും.
അധികനേരം ഒരേ പൊസിഷനിൽ ഇരിക്കാൻ പറ്റില്ല. മരിച്ചു പോകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാരൊക്കെ കൂടെ നിന്നതുകൊണ്ട് പരാതി കൊടുത്തു. ശാരീരികമായി മാത്രമല്ല, മാനസികമായും അത്ര വിഷമിച്ചുപോയി’’ – പൊലീസ് മർദനത്തിന്റെ നടുക്കുന്ന വിശദാംശങ്ങൾ സുജിത് ജയൻ (32) പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
മുൻ അധ്യാപകനും വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറുമായ ആലുവ ശ്രീമൂലനഗരം സ്വദേശി സുജിത്തിനെ ക്രൂരമായി മർദിച്ച കേസിൽ എസ്ഐമാരടക്കം 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐമാരായ അജ്മൽ, കെ.വി.നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജിത് രാജൻ, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ധനേഷ് എന്നിവര്ക്കാണ് സസ്പെൻഷൻ. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയ്ഞ്ച് ഡിഐജി ജി.എച്ച്.യതീഷ്ചന്ദ്രയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അടക്കം സുജിത് നൽകിയ പരാതിയിലെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്. തന്നോട് കാണിച്ച ക്രൂരതകളുടെ എല്ലാ വിശദാംശങ്ങളും സുജിത്തിന്റെ പരാതിയിലുണ്ട്. സെപ്റ്റംബർ രണ്ടിനാണ് സുജിത്തിനെ കാലടി പൊലീസ് വീട്ടിൽനിന്ന് കൊണ്ടുപോകുന്നത്. ഓഗസ്റ്റ് 31ന് കാലടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തനിക്കൊപ്പം കോളജിൽ പഠിച്ച ചില സുഹൃത്തുക്കൾ ഉൾപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും എന്നാൽ അപ്പോൾ കേസോ വിശദാംശങ്ങളോ അറിയില്ലായിരുന്നുവെന്നും സുജിത് പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
