കൊച്ചി: എൻജിൻ ഓയിലിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞതിനെ തുടർന്ന്, അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. കഴിഞ്ഞ ഓഗസ്റ്റ് 31 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന IX 415 ബോയിങ് 737 വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇത്തരത്തിലൊരു സംഭവം ഉണ്ടായപ്പോൾ വിമാനം ഉടൻ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോൾ പാലിക്കുകയാണ് ചെയ്തതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ പറഞ്ഞു.
ടേക്ക് ഓഫിനു ശേഷം 50 മിനിറ്റോളം കഴിഞ്ഞ് വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് ഒന്നാമത്തെ എൻജിനിലെ ഓയിലിന്റെ അളവ് വേഗം താഴുന്നതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓയിൽ പ്രഷർ അപകടകരമായ അളവിലേക്ക് താഴ്ന്നതോടെ ഒന്നാമത്തെ എൻജിന്റെ പ്രവർത്തനം പൈലറ്റുമാർ നിർത്തി. തുടർന്ന് സുരക്ഷ മുൻനിർത്തി അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിക്കാനും കൊച്ചിയിലേക്ക് തന്നെ മടങ്ങാനും ക്രൂ തീരുമാനിക്കുകയായിരുന്നു.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് അയച്ചതായി വിമാനക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കുഴപ്പം കണ്ടെത്തുമ്പോൾ വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിൽ തന്നെയായിരുന്നു. അതുകൊണ്ടു തിരിച്ചുപോരുക എന്ന മാർഗമാണ് സ്വീകരിച്ചത്. മറ്റൊരു രാജ്യത്ത് ഇറങ്ങിയാൽ പ്രശ്നപരിഹാരത്തിനുള്ള ആളുകളേയും ഉപകരണങ്ങളുമെല്ലാം അവിടേക്ക് െകാണ്ടുപോകേണ്ടി വരുമായിരുന്നു എന്നും വിമാനക്കമ്പനി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഇത് ഓഗസ്റ്റ് അവസാന ആഴ്ചയിലുണ്ടായ സംഭവമാണെന്നും പുതിയ സംഭവവികാസങ്ങളല്ലെന്നും സിയാൽ അറിയിച്ചു. വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയിൽ ഇതിന് ആസ്പദമായ സാങ്കേതികവും ഓപ്പറേഷണലുമായ സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
