മദ്യം കഴിച്ചതിന് പിന്നാലെ ഛർദിയും ഓക്കാനവും; ഒമ്പതുപേർ  മരിച്ചു

News Desk
1 Min Read

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച ഒമ്പതുപേർ മരിച്ചു. ബരാജ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ സാഗർ ജില്ലാ ഭരണകൂടം മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യാജമദ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശനിയാഴ്ച രാത്രി ബരാജ് ഗ്രാമത്തിൽ നിന്നുള്ള 12ഓളം പേർ മദ്യം കഴിച്ചിരുന്നു. പിന്നാലെ ഇവരുടെ നില വഷളായി. ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പതുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്’- അനുരാഗ് പറഞ്ഞു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിവരം. വ്യാജമദ്യം എവിടെ നിന്നെത്തി, മദ്യം വിതരണം ചെയ്തവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!