നേപ്പാൾ മിന്നൽ പ്രളയം; രക്ഷാദൗത്യത്തിന് വഴികാട്ടിയായത് വാട്സ്ആപ്പ് ഗ്രൂപ്പ്

News Desk
1 Min Read

കാഠ്മണ്ഡു : നേപ്പാളിൽ പ്രളയത്തിൽ തകർന്ന തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സഹായിച്ചത് വാട്സ്ആപ്പ് കൂട്ടായ്മ. എഞ്ചിനിയർമാരും സാങ്കേതിക വിദ​ഗ്ധരും ഉൾപ്പെട്ട വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നാണ് നിർണായകമായ നിർദേശങ്ങളെത്തിയത്.

തുരങ്കങ്ങളുടെ രൂപരേഖ, ഘടന, വെള്ളവും ചെളിയും കയറിയ സാഹചര്യം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചും നിർദേശങ്ങൾ നൽകിയും രക്ഷാപ്രവർത്തകർക്ക് തത്സമയ സഹായമായത് ഈ കൂട്ടായ്മയാണ്.

നേപ്പാളിനെ പിടിച്ചുകുലുക്കി ആ​ഗസ്ത് 26നുണ്ടായ മിന്നൽ പ്രളയത്തതിൽ ത്രിശൂലിയിലെ ജലവൈദ്യുത പദ്ധതികൾക്ക് വൻ നാശമുണ്ടായി. ചെളിയും അവശിഷ്ടങ്ങളും വൻതോതിൽ നിറഞ്ഞതോടെ നിരവധി തൊഴിലാളികളാണ് തുരങ്കങ്ങളിൽ കുടുങ്ങിയത്.

തരങ്കത്തിന്റെ രൂപരേഖയും ഭൂ​ഗർഭ ഘടനയും സംബന്ധിച്ച വിവരങ്ങൾ എഞ്ചിനിയർമാരുടെ കൂട്ടായ്മ വഴി രക്ഷാപ്രവർത്തന സംഘത്തിന് ലഭിച്ചതോടെ ഏത് ഭാ​ഗത്തിലൂടെ രക്ഷാപ്രവർത്തനം നടത്തണമെന്ന വ്യക്തമായ ധാരണ ലഭിച്ചു. തുടർന്ന് സന്നദ്ധപ്രവർത്തകരും സൈനികരും ചേർന്ന് മണ്ണും അവശിഷ്ടങ്ങളും നീക്കിയാണ് തൊഴിലാളികളിലേക്ക് എത്തിയത്. തുരങ്കത്തിൽ കുടുങ്ങിയ സഞ്ജയ് ഷാ, കബീർ മഹർജൻ എന്നിവരെ ഒമ്പത് ദിവസത്തിനുശേഷം ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞതും ഇങ്ങനെയാണ്.

ദുരന്തമുണ്ടാകുന്നതിന് മുൻപ് തന്നെ രൂപീകരിച്ചിരുന്ന എഞ്ചിനിയർമാരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പാണ് രക്ഷാദൗത്യത്തിന്റെ സാങ്കേതിക നിയന്ത്രണകേന്ദ്രമായി മാറിയത്. മുൻപ് ജോലി ചെയ്തിരുന്ന എഞ്ചിനിയർമാർ ഉൾപ്പടെയുള്ള വിദ​ഗ്ധരാണ് ​ഗ്രൂപ്പിൽ പഴയ രൂപരേഖകളും മാപ്പുകളും പങ്കുവെച്ചത്.

തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രവേശനമാർഗങ്ങൾ, യന്ത്രങ്ങൾ എത്തിക്കേണ്ട സ്ഥലങ്ങൾ, ഓക്സിജൻ നൽകേണ്ട രീതികൾ തുടങ്ങിയ കാര്യങ്ങളിലും രക്ഷാപ്രവർത്തകർക്ക് ​ഗ്രൂപ്പ് വഴി നിർദേശങ്ങൾ ലഭിച്ചു. ദുരന്തസമയത്ത് സാങ്കേതിക വിദ​ഗ്ധരുടെ കൂട്ടായ്മയും ആശയവിനിമയവും എത്രത്തോളം നിർണായകമാണെന്ന് നേപ്പാളിലെ രക്ഷാദൗത്യം വ്യക്തമാക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!