ബെംഗളൂരു: വായ്പയുടെ പലിശ കുടിശിക വരുത്തിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പ്രതികൾ മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. ഇരയായ യുവതി രണ്ടു വർഷം മുൻപ് രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ ആറു മാസമായി പലിശ അടയ്ക്കാൻ കഴിഞ്ഞില്ല. രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തിൽനിന്നും യുവതി 50,000 രൂപ കടം വാങ്ങി ആഴ്ചതോറും 5,000 രൂപ വീതം അടച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് ആഴ്ചയായി ഈ തുകയും അടയ്ക്കാൻ കഴിഞ്ഞില്ല.
ശല്യം സഹിക്കാനാവാതെ യുവതി രേഷ്മയുടെ നമ്പർ ബ്ലോക്ക് ചെയ്തു. മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ഈ സമയം നസ്രത്ത് യുവതിയെ വിളിച്ച് ജോലിയും പണവും വാഗ്ദാനം ചെയ്തു. നസ്രത്തിന്റെ വീട്ടിലെത്തിയ യുവതിയെ സംഘം മർദിച്ചു. പിന്നീട് മറ്റൊരു വീട്ടിലേക്കു കൊണ്ടുപോയി നഗ്നയാക്കി മർദിച്ചു. യുവതിയെ കാണാനില്ലെന്ന് അമ്മ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
