‘PM ശ്രീ നടപ്പിലാക്കരുത്,സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ഭരണകൂടങ്ങൾക്കെതിരാകും’; യൂത്ത് ലീഗ്

News Desk
2 Min Read

മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം ശ്രീ നടപ്പിലാക്കരുത് എന്ന് തന്നെയാണ് യൂത്ത് ലീഗിന്റെ നിലപാടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ സര്‍ക്കാര്‍ ആണ് പി എം ശ്രീയില്‍ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗ് ആയിരുന്നു ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാര്‍ അതില്‍ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാല്‍ അത് പറയാനും യൂത്ത് ലീഗ് ഉണ്ടാകും. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങള്‍ ഓര്‍മിപ്പിച്ചു.

അതേസമയം, പി എം ശ്രീയിൽ പുതിയ നീക്കത്തിനാണ് കേന്ദ്ര സർക്കാർ ശ്രമം. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ എസ്എസ്കെ ഫണ്ട് ലഭിക്കില്ലെന്ന് കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കത്തയക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആശയകുഴപ്പം കോൺഗ്രസിൽ നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ അടുത്ത ഇടപെടൽ.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടൻതന്നെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും സ്കൂളുകളുടെ പട്ടിക അടക്കം തയ്യാറാക്കി നൽകണമെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. ഇതിന്റെ തുടർച്ച എന്നോണമാണ് പിന്നീട് യുഡിഎഫ് ഉപസമിതി അടക്കം രൂപീകരിച്ചത്.

ഉപസമിതി തീരുമാനം എവിടെയും എത്തിയിട്ടില്ല. പദ്ധതി മുന്നോട്ടു കൊണ്ടുപോയില്ലെങ്കിൽ കുടിശ്ശികയായ 1500 കോടി രൂപ എസ്എസ്കെ ഫണ്ട് അനുവദിക്കില്ല. റൈറ്റ് ടു എഡ്യൂക്കേഷൻ വിഭാഗത്തിൽ വരുന്ന ഫണ്ട് മാത്രമായിരിക്കും കിട്ടുക. ഇനി കേന്ദ്രത്തിന്റെ കത്ത് കൂടി വന്നാൽ പണം വേണമോ രാഷ്ട്രീയ നിലപാട് വേണമോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാൻ നിർബന്ധിതരാകും. ഇന്നലെ കെപിസിസി ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു.

പദ്ധതി നടപ്പിലാക്കരുതെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദേശിച്ചത്. ഇതേ നിലപാടാണ് ഒരു വിഭാഗം നേതാക്കളും സ്വീകരിച്ചത്. പിഎംശ്രീയിൽ ലീഗും ശക്തമായ നിലപാട് സ്വീകരിച്ചതോടെ സർക്കാർ വെട്ടിലാണ്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!