ശ്രീകാര്യം: ഭർത്താവുമൊത്ത് വീണ്ടും താമസിക്കാൻ അനുവദിക്കാത്തതിലുള്ള വിരോധത്താൽ ഭാര്യ വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകംവീട്ടിൽ മധുവിനും മക്കൾക്കും നേരേയാണ് ആക്രമണം നടന്നത്.
കമ്പിപ്പാരകൊണ്ടു വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയ ഭാര്യ, പിന്നീട് മധുവിന്റെ വീട്ടിൽ താമസിക്കാൻ അനുവാദം ചോദിച്ചിരുന്നു. മധു ഇതിനു സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിനു കാരണമായത്.
ഇരുമ്പ് കമ്പിപ്പാരയുമായി വീട്ടിലെത്തിയ യുവതി, മുറ്റത്തുനിൽക്കുകയായിരുന്ന മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഭയന്ന മധുവും മകനും വീടിനുള്ളിൽക്കയറി കതകടച്ചതോടെ പ്രതി കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ഹാളിന്റെ ജനൽ ഗ്ലാസുകൾ തകർത്തു. തുടർന്ന് മുൻവാതിൽ അടിച്ചുപൊളിച്ച് അകത്തുകയറിയും ഭീഷണി തുടർന്നു. മധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
