വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന ജീവിതങ്ങൾക്കൊപ്പം വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കും കരുത്തേകി ‘ഉയിർപ്പിൻ്റെ വിദ്യാഭ്യാസ പദ്ധതി. ദുരന്തബാധിത മേഖലയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനും പഠനശേഷം തൊഴിൽ നേടി സ്വയംപര്യാപ്തരാകുന്നതിനും പിന്തുണ നൽകുന്ന പദ്ധതിയിൽ 12 വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി മലബാർ ഗ്രൂപ്പ്.
ഇതോടെ പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 143ൽ നിന്ന് 155 ആയി. ദുരന്തത്തിൽ വീടും ഉറ്റവരെയും നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ടി. സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ‘ഉയിർപ്പ്’ പദ്ധതി ആവിഷ്കരിച്ചത്.
മലബാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 മാർച്ചിൽ പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. പദ്ധതി ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമായ നേട്ടമാണ് ‘ഉയിർപ്പ്’ കൈവരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 95 വിദ്യാർഥികൾ തങ്ങളുടെ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കി.
ബിരുദ പഠനം പൂർത്തിയാക്കിയ 60 വിദ്യാർഥികളിൽ 34 പേർ വിവിധ മേഖലകളിൽ ഉപരിപഠനത്തിനായി പ്രവേശനം നേടി. മികച്ച വിദ്യാഭ്യാസ അവസരങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിനൊപ്പം, അവരുടെ കഴിവിനും അഭിരുചിക്കും അനുയോജ്യമായ കരിയർ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള പിന്തുണയും പദ്ധതിയുടെ ഭാഗമായി നൽകി വരുന്നു.
പഠനം പൂർത്തിയാക്കുന്നതിൽ മാത്രം ‘ഉയിർപ്പ്’ പദ്ധതിയുടെ ഇടപെടൽ അവസാനിക്കുന്നില്ല. വിദ്യാർഥികളെ തൊഴിൽ മേഖലയിലേക്ക് സജ്ജരാക്കുന്നതിനായി ഫിനിഷിങ് സ്കൂൾ, കരിയർ പിന്തുണ, പ്ലേസ്മെൻ്റ് അസിസ്റ്റൻസ് തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തൊഴിൽ തേടിയ 32 വിദ്യാർത്ഥികളിൽ 16 പേർക്ക് പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ അവസരം ലഭിച്ചു.
വിദ്യാർഥികളുടെ പഠനച്ചെലവുകൾ പൂർണമായും ഏറ്റെടുത്തു കൊണ്ടാണ് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ‘ഉയിർപ്പ്’ പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ പദ്ധതിയുടെ ഭാഗമായി 1.35 കോടി വിദ്യാഭ്യാസ സഹായമായി ചെലവഴിച്ചിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ 12 വിദ്യാർഥികൾക്കും തുടർ പഠനത്തിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, അവരുടെ വിദ്യാഭ്യാസവും കരിയറും ദീർഘകാലമായി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള പിന്തുണ തുടർന്നും നൽകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
