യുഎസ് സൈനിക വിമാനം റഷ്യയിൽ; ലോകത്തെ അമ്പരപ്പിച്ച് ദുരൂഹ ലാൻഡിങ്

News Desk
2 Min Read

മോസ്കോ: ലോകത്തെ അമ്പരപ്പിച്ച അമേരിക്കൻ സൈനികവിമാനം റഷ്യയിൽ ലാൻഡ് ചെയ്തു. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂഷമായി നിൽക്കുന്നതിനിടെയാണ് മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ യു.എസ്. സൈനിക വിമാനം അപ്രതീക്ഷിതമായി ലാൻഡ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.

അമേരിക്കൻ സൈനികവിമാനം റഷ്യയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പല ഗൂഢ സിദ്ധാന്തങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ലാൻഡിങ് നടന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, അമേരിക്കൻ വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III എന്ന യുദ്ധവിമാനമാണ് റഷ്യൻ മണ്ണിലിറങ്ങിയത്. സൈനികർ, ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ ദീർഘദൂരം സഞ്ചരിച്ച് എത്തിക്കാൻ അമേരിക്കൻ വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന ഭീമൻ സൈനിക വിമാനമാണിത്.

ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിന്ന് രാവിലെ 8.50ന് പറന്നുയർന്ന ആർസിഎച്ച് 4555 എന്ന കോൾസൈനുള്ളതും 07-7181 എന്ന രജിസ്ട്രേഷനുള്ളതുമായ വിമാനമാണ് മോസ്കോയിൽ ഇറങ്ങിയത്. ഈ അസാധാരണ പറക്കലിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് യുഎസോ റഷ്യയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ ലാൻഡിങ്ങിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് ക്രെംലിനിൽ നിന്നുള്ള പ്രതികരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ എന്താണെന്നോ ആരാണെന്നോ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

രണ്ട് വൻശക്തി രാജ്യങ്ങൾ തമ്മിൽ കടുത്ത തർക്കങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ഒരു അമേരിക്കൻ സൈനിക വിമാനം റഷ്യയിൽ ലാൻഡ് ചെയ്തതിന് പിന്നിലെ കാരണം എന്താണെന്നതിനെച്ചൊല്ലി വിവിധ തരത്തിലുള്ള നിഗമനങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വളരെ അപൂർവ്വമായി മാത്രം സംഭവിച്ചേക്കാവുന്നതാണ് ഇത്തരം ലാൻഡിങ്.  വിവരങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വൻ ഊഹാപോഹങ്ങളാണ് ഉയരുന്നത്.

യുഎസ് ആൻഡ്രൂസ് വ്യോമതാവളം സ്ഥിതി ചെയ്യുന്ന ക്യാമ്പ് സ്പ്രിങ്സിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ പ്രധാന സൈനിക താവളങ്ങളിൽ ഒന്നാണിത്. മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഗതാഗതത്തിനുള്ള പ്രധാന കേന്ദ്രം കൂടിയാണ് യുഎസിലെ ആൻഡ്രൂസ് വ്യോമതാവളം. വിമാനത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!