കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. കൊച്ചിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി. ഇക്കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റിൻ്റെ കൊച്ചി – ഫുജൈറ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് കാലത്തെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് പിന്നാലെ ആണ് വീണ്ടുമൊരു വിമാനം കൂടി റദ്ദാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരുന്നത്. റദ്ദാക്കലിനൊപ്പം സ്പെസ് ജെറ്റ് വിമാനങ്ങൾ വൈകിയെത്തുന്നതും തുടരുകയാണ്. തിങ്കളാഴ്ച രാവിലെ എത്തേണ്ടിയിരുന്ന ദുബായ് വിമാനം എത്തിയത് ഇന്ന് ഉച്ചയ്ക്കാണ്. ഇന്ന് രാവിലെ എത്തേണ്ട ഫുജൈറ – കൊച്ചി വിമാനം എത്തിയതും ഉച്ചയ്ക്കാണ്.
സർവീസുകൾ തടസ്സപ്പെടുന്നതിന് കാരണം മോശം കാലാവസ്ഥയാണെന്ന സ്പൈസ് ജെറ്റിൻ്റെ വിശദീകരണം സിയാൽ അധികൃതർ നിഷേധിച്ചിരുന്നു. വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിൽ പ്രതികൂല കാലാവസ്ഥ ഉണ്ടായിട്ടില്ലെന്നും സ്വന്തം ഭാഗത്തുനിന്നുള്ള പ്രവർത്തന വീഴ്ചകൾ മറച്ചുവെക്കാനാണ് കമ്പനി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സിയാൽ വ്യക്തമാക്കിയിരുന്നു. സർവീസ് വൈകുന്നതിൽ സിയാൽ നൽകിയ നോട്ടീസിന് സ്പൈസ് ജെറ്റ് മറുപടി നൽകിയിട്ടില്ല. കൃത്യമായി സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ടുകൾ പിൻവലിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിയാൽ നോട്ടീസ് നൽകിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
