കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കമാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.
കഴിഞ്ഞ രണ്ടു വർഷത്തോളമായി മാടാക്കര പള്ളിയിൽ ഖത്തീബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ അബ്ദുറഹ്മാൻ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബായി തുടരുന്നത്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യം. തർക്കം രൂക്ഷമായതിനെ തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് കുടുംബം വിഷയത്തിൽ ഇടപെടുകയും, കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നൽകിക്കൊണ്ട് ഒരു താൽക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷവും അദ്ദേഹം തന്നെ ഖത്തീബായി തുടരുന്നതാണ് വീണ്ടും പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
നബിദിനത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളിയിൽ മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നൽകിയത് നിലവിലെ ഖത്തീബ് ആയിരുന്നു. ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയിൽ നിന്ന് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം തന്നെ ചടങ്ങുകൾക്ക് നേതൃത്വം നൽകണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും, അത് വലിയൊരു സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങൾക്കും നേരെ ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ നിലവിൽ ചോമ്പാല പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇപ്പോഴും സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
