വിഷാംശമുള്ള പഴങ്ങള്‍ വില്‍പ്പന നടത്തി; ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് കമ്പനികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

News Desk
1 Min Read

ബെംഗളുരു: വിഷാംശമുള്ള ദാതുര പഴങ്ങളും വിത്തുകളും മനുഷ്യരുടെ ഉപഭോഗത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിറ്റതിന് ആമസോണ്‍, ഇന്‍സ്റ്റമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസന്‍സുകള്‍ കര്‍ണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

ഈ പ്ലാറ്റ്ഫോമുകളിലെ ദാതുര ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയെക്കുറിച്ചും ലിസ്റ്റിംഗിനെക്കുറിച്ചും അന്വേഷിക്കാന്‍ അതോറിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. വിഷാംശമുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ കമ്പനികള്‍ വില്‍ക്കുന്നതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദാതുര പഴങ്ങളും വിത്തുകളും എഫ്എസ്എസ്എഐ ലൈസന്‍സോ രജിസ്‌ട്രേഷന്‍ നമ്പറോ സഹിതം ചില പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.ദാതുര അടങ്ങിയ പാക്കറ്റുകളില്‍ ഭക്ഷ്യ ലൈസന്‍സും രജിസ്‌ട്രേഷന്‍ നമ്പറുകളും ഉണ്ടായിരുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിക്കുകയും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ കമ്പനികളുടെ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആമസോണ്‍ മറുപടി നല്‍കിയില്ല.ഇന്‍സ്റ്റമാര്‍ട്ട് തങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി.തങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവച്ചതായും, ഭാവിയില്‍ ‘മനുഷ്യന്റെ ഉപഭോഗത്തിന് ഉള്ളതല്ല’ എന്ന് ലേബലില്‍ വ്യക്തമായി രേഖപ്പെടുത്തുമെന്നുംബിഗ് ബാസ്‌കറ്റ് മറുപടി നല്‍കി.

അതേ സമയം കമ്പനികളുടെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ റെഗുലേറ്റര്‍, ഈ ഉല്‍പ്പന്നങ്ങള്‍ ഭക്ഷണമായി സൂക്ഷിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചു.

തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ ഈ കമ്പനികളുടെ ഭക്ഷ്യ ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്പനികള്‍ കൃത്യമായ മറുപടി നല്‍കുകയും തുടര്‍ന്ന് നടത്തുന്ന വാദം കേള്‍ക്കലുകള്‍ക്ക് ശേഷവും മാത്രമേ ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ.

ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കിയ വിതരണക്കാരുടെയും വില്‍പ്പനക്കാരുടെയും ലൈസന്‍സുകളും രജിസ്‌ട്രേഷനുകളും ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഭക്ഷണമായോ മനുഷ്യ ഉപഭോഗത്തിനായോ ദാതുര പഴങ്ങളോ വിത്തുകളോ വില്‍ക്കുന്ന എല്ലാ ഓണ്‍ലൈന്‍ ലിസ്റ്റിംഗുകളും പരസ്യങ്ങളും ഉടന്‍ തന്നെ നീക്കം ചെയ്യുകയോ തടയുകയോ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!