തിരൂര്‍: തിരൂര്‍ പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പുറത്തൂര്‍ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനെയാണ് തിരൂര്‍ പൂക്കയില്‍വെച്ച് സ്വകാര്യ ബസില്‍നിന്ന് പോലീസ് പിടികൂടിയത്. ഹുസൈനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മത്സ്യത്തൊഴിലാളിയാണ് ഹുസൈന്‍.
കഴിഞ്ഞ ദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ തിരൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഹുസൈന്‍ ഭാര്യയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതല്‍ മീന്‍ വന്നിട്ടുണ്ടെന്നും മീന്‍ വാരാന്‍ വരണമെന്നും പറഞ്ഞാണ് ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവര്‍ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല.
എന്നാല്‍, വൈകിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കില്‍ക്കെട്ടിയ നിലയില്‍ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഫൗസിയയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഹുസൈനെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂര്‍ പൂക്കയില്‍നിന്ന് പിടികൂടിയത്. ഹുസൈനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
