ലഖ്‌നൗ: ഉത്തർപ്രദേശിലെ ഇരട്ടക്കൊലപാതകത്തിൽ വഴിത്തിരിവ്. ഭാര്യയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരനായ മാനസ് ബാജ്പേയി ജീവനൊടുക്കിയതിന് പിന്നിൽ വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളും ഉള്ളതായി അന്വേഷണ സംഘം പറയുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരുകോടി രൂപയുടെ നഷ്ടപരിഹാരം സംബന്ധിച്ച തർക്കം നിലനിന്നിരുന്നതായാണ് വിവരം.
മാനസ് ബാജ്പേയിയുടെ ഭാര്യ ദിവ്യ മിശ്ര വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരുന്നു. ജീവനാംശമായി ഒരു കോടി രൂപയായിരുന്നു ദിവ്യ മിശ്ര ആവശ്യപ്പെട്ടത്. ഈ പണം നൽകുന്നത് സംബന്ധിച്ച തർക്കങ്ങളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോൾ സംശയിക്കുന്നത്. മാനസിന്റെ ഇളയ സഹോദരി ശിവ വാജ്പേയിയുമായി ദിവ്യക്കുണ്ടായിരുന്ന അസ്വാരസ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. ഷീബയ്‌ക്കൊപ്പം വീട്ടിൽ ഒന്നിച്ചുജീവിക്കാൻ ദിവ്യ ആഗ്രഹിച്ചിരുന്നില്ലെന്നാണ് വിവരം.
12 വർഷം മുമ്പാണ് മാനസും ദിവ്യയും വിവാഹിതരായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ദിവ്യ വിവാഹ മോചനത്തിനായി ശ്രമിച്ചിരുന്നു. ജീവനാംശമായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകത്തിന് രണ്ടു ദിവസം മുമ്പാണ് വിവാഹമോചനക്കേസ് കോടതിയിൽ വന്നത്. വാദത്തിനിടെ ജീവനാംശത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നും പോലീസ് പറയുന്നു. എന്നാൽ, ഇത് മാത്രമാണോ കൊലപാതക കാരണം എന്ന് വ്യക്തമല്ല. കോടതി നടപടികൾക്ക് ശേഷം മാനസ് മാനസിക വിഷമത്തിലാവുകയും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് നിഗമനം. കുടുംബ പ്രശ്നങ്ങളും ഷീബയെച്ചൊല്ലിയുള്ള തർക്കങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
മാനസിന്റെ സഹോദരി ശിവ വാജ്പേയി മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു. ദമ്പതിമാർക്കൊപ്പമായിരുന്നു സഹോദരി താമസിച്ചിരുന്നത്. എന്നാൽ, ഇത് ദിവ്യയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് വിവരം. സഹോദരിയുടെ മാനസികാരോഗ്യത്തെച്ചൊല്ലി ദിവ്യയും മാനസും നിരന്തരം വഴക്കിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മാനസ് ദിവ്യയെ നിരന്തരം മർദിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിവ്യയുടെ സഹോദരിയും യുട്യൂബറുമായ പ്രഗ്യാ മിശ്ര രംഗത്തെത്തിയിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിലൂടെ വാങ്ങിയ തക്കാളി ചീഞ്ഞതാണെന്ന് ആരോപിച്ച് പോലും മാനസ് ദിവ്യയെ മർദിച്ചിരുന്നതായും ഇവർ ആരോപിക്കുന്നു. എങ്ങനെയാണ് മാനസിന് തോക്ക് ലഭിച്ചതെന്ന് കണ്ടെത്തണമെന്നും പ്രഗ്യാ മിശ്ര ആവശ്യപ്പെട്ടിരുന്നു.
ഗോമതി നഗറിലെ സ്വകാര്യ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന ദിവ്യയെ ഓഫീസിന് പുറത്തുവെച്ച് മാനസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹുസാദിയ ക്രോസിങ്ങിന് സമീപമുള്ള തന്റെ വീട്ടിലെത്തി മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയേയും വെടിവെച്ചുകൊന്നു. ശേഷം മാനസ് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
