ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ചിന്ത ജെറോം പ്രസിഡന്റ്; എം വിജിൻ സെക്രട്ടറി

News Desk
3 Min Read

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായിഎം വിജിനിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആർ രാഹുലാണ് ട്രഷറർ. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ​​ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അം​ഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

ചിന്ത ജെറോം

വിദ്യാർഥി–യുവജന രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ നേതാവാണ്‌ ചിന്താ ജെറോം. എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007–-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നത്തിനിടെയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌.

2016 മുതൽ 2023 വരെ യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കി . എറണാകുളത്ത്‌ നടന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ ജർമ്മനിയിലെ ബേണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അധ്യാപക ദമ്പതിമാരായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. UGC, NET,- JRF യോഗ്യതകളുണ്ട്.

എം വിജിൻ

ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച എം വിജിൻ ഇടതുപക്ഷത്തിന്റെ കരുത്തനായ യുവനേതാവാണ്‌. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്ന നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും, സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗമായും, പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതൽ കല്ല്യാശ്ശേരി എംഎൽഎ ആണ്.

കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. ടീച്ചറായ അശ്വതിയാണ് ഭാര്യ. മകൻ നെയ്തൽ. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, പയ്യന്നൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് ബിരുദവും കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന്‌ ഫിലോസഫിയിൽ പിജിയും നേടി.

അഡ്വ. ആർ രാഹുൽ

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ രാഹുൽ (37) ജില്ലാ പഞ്ചായത്ത്‌ പുന്നപ്ര ഡിവിഷൻ അംഗമാണ്‌. പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന യുവജന കമീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്‌. സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഭാര്യ: അഞ്ചു എസ് റാം, മകൻ: ഗസൽ, അമ്മ: സീമന്ദിനി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article