മുംബൈ: മുംബൈയിൽ മക്ഡൊണാൾഡ് ഔട്ട്ലെറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസ് റദ്ദാക്കി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥാപനങ്ങൾ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ദി ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, കൊളാബയിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസ് ആണ് റദ്ദ് ചെയ്തത്.
ദി ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിൽ നടത്തിയ പരിശോധയിൽ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. വിവിധ ഭാഗങ്ങളിൽ ഈച്ചകളുടെ ശല്യം, ചത്തുവീണ പാറ്റകൾ, പാത്രങ്ങൾ കഴുകുന്ന ഭാഗത്ത് തുറന്നിരിക്കുന്ന പാറ്റക്കെണികൾ എന്നിവ ഭക്ഷ്യവകുപ്പ് കണ്ടെത്തി. കൂടാതെ പാചകപുരയുടെ മേൽക്കൂരയിലെ പ്ലാസ്റ്റർ ഇളകി നിൽക്കുന്നതായും കണ്ടെത്തി. ഇത് എപ്പോൾ വേണമെങ്കിലും ഭക്ഷണത്തിലേയ്ക്ക് വീഴാനുള്ള സാധ്യതയും ഏറെയായിരുന്നു.
ഇതോടൊപ്പം പാത്രം കഴുകുന്ന സോപ്പുകളും രാസവസ്തുക്കളെല്ലാം ഭക്ഷ്യവസ്തുക്കൾക്കൊപ്പം സൂക്ഷിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. വെറും തറയിലാണ് പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിരുന്നത്. മാംസവസ്തുക്കൾ സൂക്ഷിക്കുന്ന ഫ്രീസറും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്തു. തണുത്തുറഞ്ഞ ഭക്ഷണ പദാർഥങ്ങൾ തണുപ്പ് അകറ്റി ഉപയോഗ യോഗ്യമാകുന്ന രീതിയും പാലിച്ചിരുന്നില്ല. ഇതിനുപുറമെ, ജീവനക്കാരുടെ വിയർപ്പുള്ള ഹെൽമെറ്റുകളും വസ്ത്രങ്ങളും പാചകപുരയിൽ അലക്ഷ്യമായി കിടക്കുന്നു. മാലിന്യങ്ങളും അടുക്കള ഭാഗത്ത് നിറഞ്ഞു കിടക്കുന്നതും മിന്നൽ പരിശോധനയിൽ കണ്ടെത്തി.
20 ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ 18 എണ്ണത്തിലും പരാജയപ്പെട്ടതിനെ തുടർന്നാണ് കൊളാബയിലെ മക്‌ഡൊണാൾഡ്സ് കിയോസ്‌ക് ഔട്ട്ലറ്റിനെതിരെയുള്ള ഭക്ഷ്യവകുപ്പിന്റെ നടപടി. മെനുവിൽ രേഖപ്പെടുത്താത്ത ചീസിൽ കലർപ്പ് കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദ് ചെയ്തത്. മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായി സ്ഥിരീകരിക്കുന്നതുവരെ ഭക്ഷ്യനിർമാണം, വിൽപ്പന, വിതരണം എന്നിവ നടത്തുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ലൈസൻസ് റദ്ദ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മക്ഡൊണാൾഡ്സ് രംഗത്തെത്തി. ഉയർന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മക്‌ഡൊണാൾഡ്സ് അഭിമാനിക്കുന്നതായും ഭക്ഷ്യസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പോകുന്ന തങ്ങളുടെ റെസ്റ്റോറന്റിനെതിരെയുള്ള ഭക്ഷ്യവകുപ്പിന്റെ നടപടിയെ ബഹുമാനിക്കുന്നുവെന്നും, റിപ്പോർട്ടിൽ പറയുന്ന പരാമർശങ്ങൾ പരിശോധിച്ചുവരികയാണെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
മുംബൈയിലെ സ്ഥാപനങ്ങൾക്കെതിരായ നടപടികൾക്ക് പുറമെ ശുചിത്വത്തിൽ വീഴ്ചകൾ വരുത്തുകയും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഖാർ ജിംഖാനയുടെ ലൈസൻസും ഭക്ഷ്യവകുപ്പ് റദ്ദ് ചെയ്തു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
