ഫ്‌ളൈ നാസ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍: കൊച്ചിയിലേക്ക് ഇനി റിയാദില്‍ നിന്ന് നേരിട്ട് വിമാനം

News Desk
1 Min Read

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് (Flynas Kochi service) ആരംഭിക്കുന്നു. സെപ്റ്റംബര്‍ 2 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് റിയാദിനും കൊച്ചിക്കും ഇടയില്‍ നടത്തുക.

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യോമയാന ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ഫ്‌ളൈ നാസ് അറിയിച്ചു. ഇന്ത്യന്‍ വ്യോമയാന വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി സര്‍വീസ് ആരംഭിക്കുന്നത്.

കൊച്ചി സര്‍വീസ് കൂടി ഉള്‍പ്പെടുന്നതോടെ സൗദി അറേബ്യക്കും ഇന്ത്യയ്ക്കുമിടയില്‍ ഫ്‌ളൈ നാസ് നടത്തുന്ന പ്രതിവാര സര്‍വീസുകളുടെ എണ്ണം 39 ആയി ഉയരും. നിലവില്‍ റിയാദില്‍ നിന്ന് ഡല്‍ഹി, ലഖ്‌നൗ, ഹൈദരാബാദ്, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ നാസ് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദമ്മാം – ലഖ്‌നൗ റൂട്ടിലും പ്രതിവാര ഡയറക്ട് സര്‍വീസ് നിലവിലുണ്ട്.

സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള വ്യോമയാന വികസന പദ്ധതികള്‍ക്ക് പുതിയ സര്‍വീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 2030ഓടെ 250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി സൗദിയെ ബന്ധിപ്പിക്കുകയും വിമാന യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 33 കോടിയായി ഉയര്‍ത്തുകയും ചെയ്യുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.

2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളൈ നാസ് നിലവില്‍ 38 രാജ്യങ്ങളിലെ 80ലേറെ ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 2,000ലേറെ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതുവരെ 11 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായി കമ്പനി അറിയിച്ചു. വിഷന്‍ 2030ന്റെ ഭാഗമായി 165 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖല വിപുലീകരിക്കാനും ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!