ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചു, സംഘർഷം: ഒരാള്‍ കൊല്ലപ്പെട്ടു

News Desk
1 Min Read

ഖമ്മം: തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അലങ്കാര ജോലികള്‍ ചെയ്തിരുന്ന 23 വയസുകാരന്‍ ഉണ്‍ദേത്തി ശ്രീനാഥാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. ശ്രീനാഥ്, സുഹൃത്ത് വീരേഷിനൊപ്പം ഓട്ടോയിലിരിക്കുമ്പോള്‍ നായയുമായി നടക്കാനിറങ്ങിയ വെര്‍മുല മധു ഇവരുടെ അടുത്തെത്തി. തുടര്‍ന്ന് നായ ഓട്ടോറിക്ഷയ്ക്ക് സമീപം മൂത്രമൊഴിക്കുകയും ശ്രീനാഥിനും സുഹൃത്തിനും നേരെ കുരയ്ക്കുകയും ചെയ്തു. ഇതില്‍ രോഷാകുലനായ ശ്രീനാഥ് മധുവിനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

വാക്കുതര്‍ക്കത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ മധുവിന്റെ വീട്ടിലേക്ക് ശ്രീനാഥും വീരേഷും വടികളുമായി എത്തുകയും അയാളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിനിടയില്‍ മധു വീട്ടില്‍ക്കയറി കത്തിയെടുത്ത് ശ്രീനാഥിനെ നിരവധി തവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മധു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച പൊലീസ് മധുവിനെ അറസ്റ്റുചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article