ന്യൂഡൽഹി : വിദേശ കറൻസിയിൽ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കിയ പദ്ധതി അവസാനിപ്പിക്കാൻ ആർബിഐ. വിദേശനാണ്യ ശേഖരം വർധിപ്പിക്കാൻ പ്രവാസി നിക്ഷേപം ആകർഷിക്കാൻ തുടങ്ങിയ ഫോറക്സ് സ്വാപ് പദ്ധതിയാണ് വെട്ടിച്ചുരുക്കിയത്. കാലാവധിക്ക് മുൻപ് യാതൊരു മുന്നറിയിപ്പുമില്ലാതെ പദ്ധതി അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാരും ആർബിഐയും. ആകർഷകമായ പലിശ വാഗ്ദാനം ചെയ്താണ് പ്രവാസി ഇന്ത്യക്കാരുടെ കോടിക്കണക്കിന് നിക്ഷേപം ഈ പദ്ധതിയിലൂടെ ഇന്ത്യയിലേക്കെത്തിച്ചത്.
ജൂൺ എട്ട് മുതൽ സെപ്തംബർ 30 വരെ കാലയളവ് പ്രഖ്യാപിച്ചിരുന്ന ഫോറക്സ് സ്വാപ് പദ്ധതി ആഗസ്ത് 31ന് അവസാനിപ്പിക്കാനാണ് ആർബിഐ തീരുമാനം. വിദേശ നാണയ നിക്ഷേപം ഉയർന്നതോടെയാണ് പദ്ധതി നേരത്തെ നിർത്തുന്നതെന്ന് ആർബിഐ വ്യക്തമാക്കുകയും ചെയ്തു. ജൂൺ 8 മുതൽ ആഗസ്ത് 13 വരെ വഴി 5,684.6 കോടി ഡോളർ നിക്ഷേപമാണ് എത്തിയത്. ഇതിൽ 5,230 കോടി ഡോളറും ഫോറക്സ് സ്വാപ് പദ്ധതി വഴിയായിരുന്നു. നിക്ഷേപം ആകർഷിക്കുന്നതിന് പലിശനിരക്ക് 4.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാക്കി ഉയർത്തുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയിൽ യുഎസ് – ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും ഡോളർ കരുത്താർജ്ജിച്ചതും മൂന്ന് മാസത്തോളമായി ഇന്ത്യൻ രൂപയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരിച്ചടി നേരിടുന്ന രൂപയെ കരകയറ്റാനും, വിദേശനാണയ ശേഖരം മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് വൻ നിക്ഷേപമാണ് പ്രവാസികളിൽ നിന്ന് ഒഴുകിയെത്തിയത്. ഖജനാവിലേക്ക് വേണ്ട പണമെത്തിയപ്പോൾ ഭാവിയിൽ തിരികെ നൽകേണ്ടി വരുന്ന പലിശഭാരം ബാധ്യതയാവുമെന്ന് ഭയന്നാണ് കേന്ദ്രവും ആർബിഐയും പദ്ധതിയിൽ നിന്ന് പിന്മാറിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
