സൂറത്ത്: മഹാത്മാഗാന്ധിയുടെ ചിത്രമുള്ള 500 രൂപയുടെ കറൻസി നോട്ട് ഉപയോഗിച്ച് അശ്ലീലകരമായ രീതിയിൽ ഇൻസ്റ്റാഗ്രാം റീൽസ് പോസ്റ്റ് ചെയ്തതിന് സൂറത്ത് സ്വദേശിനി പൊലീസ് പിടിയിൽ. സിമ്രാൻ അമിത് പട്ടേൽ എന്ന 47 വയസുകാരിയായ ഇൻഫ്ലുവൻസറാണ് സൂറത്ത് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധി ജയന്തിയുടെ തലേന്ന് പോസ്റ്റ് ചെയ്ത റീലിനെതിരെ ധർമ്മേഷ് ഗാമി എന്ന സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ട് സെക്ഷൻ 67 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സിമ്രാൻ പട്ടേൽ വിലങ്ങണിഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളും, തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി മാപ്പ് പറയുന്ന വീഡിയോയും സൂറത്ത് സിറ്റി പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ലൈക്കുകൾക്കും ഫോളോവേഴ്‌സിനും വേണ്ടി ദേശീയ ചിഹ്നങ്ങളെയോ ദേശീയ നേതാക്കളെയോ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
