കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസയുടെ മരണത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവിന്റെ നിരന്തര പീഡനവും ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ മാനസിക പീഡനവുമാണ് റിസ ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബം ആരോപിച്ചത്.
ജനുവരി 8-നായിരുന്നു റിസയും കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ആസിഫും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ മർദനവും മാനസിക പീഡനവും ആരംഭിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഏപ്രിൽ 11-ന് സന്ദർശക വിസയിൽ റിസ ദുബായിലേക്ക് പോയിരുന്നു. അവിടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനെ റിസ എതിർത്തതോടെയാണ് മർദനം തുടങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതിനുമുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. മാർച്ചിൽ ഭർത്താവിന്റെ വീട്ടിൽവെച്ച് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും, ഈ വിവരം ഭർത്താവിന്റെ വീട്ടുകാർ കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണദിവസം ആസിഫ് നാട്ടിലുണ്ടായിരുന്നുവെന്നും പിന്നീട് ദുബായിലേക്ക് മടങ്ങിയതായും കുടുംബം ആരോപിക്കുന്നു. സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ മരിക്കാനുള്ള തീരുമാനത്തെ പറ്റിയും ഭർത്താവിൻറെ ക്രൂരതയെ പറ്റിയും റിസ പറയുന്നുണ്ട്.
‘വല്ലാണ്ട് ശ്വാസംമുട്ടുന്നു. ആരും എൻറെ കൂടെ നിൽക്കില്ല. കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല. അവൻ ചെയ്താലും അതിന്റെ കുറ്റം എനിക്കാണ്. നിനക്ക് അറിയില്ലേ.. എന്നെ.. ഞാനെല്ലാം പറഞ്ഞതല്ലേ.. ഞാൻ പോയി കഴിഞ്ഞാൽ നീ ഉപ്പാനോട് എല്ലാം പറയണം. അവൻ നല്ലവനായി ജീവിക്കേണ്ട. എന്നെ ഇല്ലാണ്ടാക്കി അവൻ സുഖിക്കേണ്ട. അവൻ എന്നെ പറ്റി കുറ്റം പറഞ്ഞ് ഉപ്പയുടെയും ഉമ്മയുടെയും മനസിൽ എന്നെ മോശമാക്കും. നീ അങ്ങനെ ചെയ്യാൻ വിടരുത്. നീ എന്തായാലും ഉപ്പയോട് പറയണം. എനിക്ക് തീരെ ഇഷ്ടമില്ല ചെയ്യാൻ.. എനിക്ക് ഇനിയും ജീവിക്കണം. എൻറെ ഉപ്പയും ഉമ്മയും കരയൂലേ… അവൻ സന്തോഷമായിരിക്കും. അതെല്ലാം ആലോചിക്കുമ്പോ ചെയ്യാൻ കഴിയുന്നില്ല. ഇങ്ങനെ ഉരുകി തീരാൻ എനിക്ക് കഴിയില്ല. എല്ലാം പറയണേ, കല്യാണം കഴിഞ്ഞത് മുതലുള്ളത്. നിനക്കാണ് എല്ലാം അറിയുന്നത്’, എന്നിങ്ങനെയാണ് റിസ കൂട്ടുകാരിക്ക് അയച്ച മെസേജിലുള്ളത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആസിഫിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
