ചെന്നൈ: സർക്കാരിന് പിന്തുണ നൽകുന്നതിനൊപ്പം നിരന്തരം വിമർശിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷിയെ (പിഎംകെ) കൂട്ടുപിടിക്കാൻ തമിഴക വെട്രി കഴകം (ടിവികെ). ചെന്നൈ വിമാനത്താവള സ്വകാര്യവൽക്കരണം, മുഖ്യമന്ത്രി വിജയ്യുടെ ലണ്ടൻ സന്ദർശനം, പട്ടിണപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത വിമർശനമാണ് സർക്കാരിനെതിരെ ഇടതുകക്ഷികൾ ഉയർത്തിയത്.
സർക്കാരിന് പിന്തുണ നൽകേണ്ടവർ പ്രതിപക്ഷ പാർട്ടികളെക്കാൾ കടുത്ത വിമർശനം ഉന്നയിക്കുന്നത് ഭരണപക്ഷത്ത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് വിവരം. ഇടത് പാർട്ടികൾ കൈവിട്ടാലും ഭരണം സുരക്ഷിതമാക്കാൻ എതിർ പാളയത്തിലുള്ള പിഎംകെയെ കൂട്ടുപിടിക്കാനാണ് ടിവികെ ശ്രമിക്കുന്നത്. പിഎംകെ ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അണ്ണാ ഡിഎംകെ സഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട പിഎംകെ ഉപതിരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിനും പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണ്. നാല് എംഎൽഎമാരുള്ള ഇടത് പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ അത്രതന്നെ എംഎൽഎമാരുള്ള പിഎംകെയുടെ പിന്തുണ ഉറപ്പിക്കാമെന്നുമാണ് ടിവികെയുടെ കണക്കുകൂട്ടൽ.
അതേസമയം, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ തിരുവാൻമിയൂരിലുള്ള സ്കൂളിലായിരുന്നു ഉദ്ഘാടനം. പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം ആറ് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ 15.30 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും. സ്കൂളിലെത്തിയ വിജയ് അവിടെ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
