മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി പറഞ്ഞത്. പല സമയങ്ങളിൽ പലരാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിനാൽ 7 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു കേസ് പെരുനാട് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. വാടക വീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. അമ്മ ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
