ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല; പദ്ധതി നിർത്തലാക്കി ബെവ്കോ

News Desk
1 Min Read

കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്കോ. നാളെ മുതല്‍ കുപ്പിക്ക് 20 രൂപ ഈടാക്കില്ല. പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 20 രൂപ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതായിരുന്നു പദ്ധതി. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികം നല്‍കണമായിരുന്നു.

ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതായിരുന്നു രീതി. പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികള്‍ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയര്‍ന്ന പരാതി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികള്‍ സംഭരിച്ചതോടെ സ്റ്റോക്ക് സംഭരിക്കുന്നതിന് തടസ്സമായി.

കുപ്പികള്‍ ശേഖരിക്കുന്നത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. മദ്യശാലകള്‍ക്ക് സമീപം പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞു കൂടുന്നതും വാര്‍ത്തയായിരുന്നു. പദ്ധതി പിന്‍വലിച്ചതായി നോട്ടീസ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെ വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആർ കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്. പിന്നീട് ഈ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പികൾ അതേ ഔട്ട്ലെറ്റിൽ തിരിച്ചു നൽകിയാൽ ഉപഭോക്താവിന് 20 രൂപ തിരിച്ചു നൽകുന്നതായിരുന്നു രീതി.

ഈ നിലയിൽ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ 6.63 കോടിയോളം രൂപയാണ് പദ്ധതി പ്രകാരം ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!