കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായില്ല; ഇന്ത്യയോട് മാപ്പു പറഞ്ഞ് മാർക്ക് സക്കർബർഗ്

News Desk
1 Min Read

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പു പറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്.

കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ഡീപ്‌ഫെയ്ക്ക് കണ്ടന്റുകളുമടക്കം മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ സക്കർബർഗിന്റെ മാപ്പപേക്ഷ. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്.

കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മെറ്റ അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്സ്ബുക്കിൽനിന്നു നീക്കം ചെയ്ത സംഭവത്തിൽ മാർക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മറ്റൊരു വിഷയത്തിലെ സക്കർബർഗിന്റെ മാപ്പപേക്ഷ.

ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വിഡിയോയാണ് ഫെയ്സ്ബുക്കിൽനിന്നു നീക്കം ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചു വരുത്തിയിരുന്നു. കടുത്ത ചോദ്യശരങ്ങളാണ് പാർലമെന്ററി സമിതി മെറ്റ പ്രതിനിധികൾക്ക് നേർക്ക് ഉയർത്തിയത്. അതേസമയം, പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തതിനെക്കുറിച്ച് സക്കർബർഗ് പ്രതികരിച്ചിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article