റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭാര്യയും ഭർത്താവും ചേർന്ന് ഭാര്യയുടെ പങ്കാളിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു. ദുർഗന്ധം പുറത്തുവന്നതിന് പിന്നാലെ ഗ്രാമവാസികൾ വിവരം പോലീസിൽ അറിയിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് റീത്ത എന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ ഭർത്താവ് രാം പ്രകാശ് ഒളിവിലാണ്. അമിത് റൈദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; 2016-ലാണ് ഭദോഖർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാം പ്രകാശിനെ റീത്ത വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. 2020-ൽ ഭർത്താവുമായി പിണങ്ങിയ റീത്ത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഈ കാലയളവിലാണ് അവൾ അമിത് റൈദാസുമായി അടുത്തത്. റീത്തയുടെ സഹോദരങ്ങൾ മരിച്ചതോടെ വീട്ടിൽ ഒറ്റയ്ക്കായ റീത്തയോടൊപ്പം അമിത് താമസം തുടങ്ങി.
വൈകാതെ ഇവർക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. എന്നാൽ അടുത്ത കാലത്തായി റീത്ത തന്റെ ഭർത്താവ് രാം പ്രകാശുമായി വീണ്ടും അടുക്കാൻ തുടങ്ങി. മാത്രമല്ല അയാൾ ഇടയ്ക്കിടെ റീത്തയെ ഈ വീട്ടിൽവന്ന് കണ്ടിരുന്നതായും പോലീസ് പറയുന്നു. ഇക്കഴിഞ്ഞ ജൂലായ് 29-ാം തീയതി രാത്രിയിൽ അമിത് റീത്തയുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് ഭർത്താവ് രാം പ്രകാശ് അവിടെയെത്തിയത്.
പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാം പ്രകാശും റീത്തയും ചേർന്ന് അമിത്തിനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പിന്നാലെ ഇരുവരും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി.
ഒന്നും സംഭവിക്കാത്തതുപോലെ ദിവസങ്ങൾ കഴിഞ്ഞുപോയി. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൃതദേഹം അഴുകി ദുർഗന്ധം പുറത്തേക്ക് വരാൻ തുടങ്ങി. ഇതോടെ ഗ്രാമവാസികൾക്ക് സംശയമായി. അവർ റീത്തയെ ചോദ്യംചെയ്തു. ഭയന്നുപോയ റീത്ത ഗ്രാമത്തലവനോട് കുറ്റം സമ്മതിക്കുകയും അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി വീടിന്റെ തറ കുഴിച്ച് മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അമിത്തിന്റെ സഹോദരൻ രഞ്ജിത് റൈദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റീത്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽപോയ ഭർത്താവ് രാം പ്രകാശിനായുള്ള തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
