തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവൻ. ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ സംഭവങ്ങളിൽ യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്. ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണം കേസിൽ വലിയ വഴിത്തിരിവുണ്ടാക്കി.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ നടപടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരുക്കേൽപിച്ചെന്നുമുള്ള ഗൺമാന്റെ മൊഴിയിലാണ് അന്ന് കേസെടുത്തത്. എന്നാൽ സംഭവ സ്ഥലത്തുനിന്ന് പ്രതികളെ പിടികൂടിയ പൊലീസിന് ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത വീണാ ജോർജ് പിറ്റേന്ന് പുലർച്ചെ രഹസ്യമായി ആശുപത്രിവിട്ട് പത്തനംതിട്ടയിലേക്ക് റോഡ് മാർഗം പോയത് വലിയ ചർച്ചയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകൾ പൊലീസിനു കണ്ടെത്താനായില്ല. പ്രതികൾക്കെതിരെ 13 വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസിന് പിന്നീട് വധശ്രമക്കേസ് ഒഴിവാക്കേണ്ടിവന്നു. മാസങ്ങൾക്കുശേഷം തിരുവനന്തപുരത്തുവച്ച് റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരുക്കേറ്റതെന്നു വ്യക്തമാക്കിയ വീണാ ജോർജ്, ആയുധംകൊണ്ടുള്ള ആക്രമണമെന്ന വാദം ഏറ്റുപിടിച്ചില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
