- ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ
റിയാദ്: ഇറാഖിലെ ഇറാനി അനുകൂലികൾക്ക് നേരെ സൈനിക നടപടി സ്വീകരിച്ചതായി സഊദി. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും ദേശീയ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കാനുള്ള സ്വാഭാവികമായ അവകാശമുള്ളതിനാലാണ് സഊദി – യു എസ് സായുധ സേന ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യകളുടെ താവളങ്ങൾക്ക് നേരെ ബുധനാഴ്ച പുലർച്ചെ സൈനിക നടപടി കൈക്കൊണ്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വെളിപ്പെടുത്തി.
സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ഈ നീക്കം. സഊദിയുടെ തന്ത്രപ്രധാന മേഖലകളായ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തിയ ഇറാൻ അനുകൂലികളായ അക്രമികൾക്ക് നേരത്തെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ചെവിക്കൊള്ളാതെ ആക്രമണം തുടർന്ന പശ്ചാത്തലത്തിലാണ് സൈനിക നടപടി കൈക്കൊള്ളേണ്ടി വന്നതെന്ന് പ്രതിരോധ – വിദേശ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം അംഗീകരിച്ചിരിക്കുന്ന സ്വയം പ്രതിരോധാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് യു എസ് സെൻട്രൽ കമാൻഡുമായി സംയുക്തമായി നടപടി സ്വീകരിച്ചത്. എന്നാൽ സഊദി ഒരിക്കലും സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധത്തിന് താൽപര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തിനെതിരായ ആക്രമണങ്ങളെ കൈകെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജൂലൈ 27നും 28നും കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും എണ്ണസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നിരവധി ഡ്രോൺ ആക്രമണശ്രമങ്ങൾ സഊദി വ്യോമപ്രതിരോധ സംവിധാനം തകർത്തിരുന്നു. ഭീകരാക്രമണങ്ങൾ ഇറാഖിൽ നിന്നാണെന്നും ഇറാൻ പിന്തുണയ്ക്കുന്ന ഭീകര മിലീഷ്യകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ സൗദിയുടെ സുപ്രധാന മേഖലകളിലേക്ക് മുപ്പതിലേറെ തവണയാണ് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായത്. കിഴക്കൻ ഇറാഖിലെ ഭീകരരുടെ ഒളിത്താവളങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും ലോജിസ്റ്റിക് വിഭാഗങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു സഊദി യു എസ് സൈനിക നടപടി. പ്രകോപനപരമായ ആക്രമണങ്ങൾക്ക് ക്ഷമയോടെ പ്രതികരിച്ച രാജ്യത്തിന് നേരെ വീണ്ടും ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ മുൻനിർത്തി സഊദി നടപടികളിലേക്ക് നീങ്ങിയത്.
മേഖലയിൽ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ സഊദി നടത്തുന്ന അശ്രാന്ത പരിശ്രമത്തിനിടെയാണ് ഇത്തരം പ്രകോപനപരമായ നീക്കങ്ങളെന്നും അന്താരാഷ്ട്ര നിയമങ്ങളെയും അയൽപക്ക ബന്ധങ്ങളുടെ തത്ത്വങ്ങളെയും കാറ്റിൽ പറത്തിയാണ് ഈ സംഘങ്ങൾ മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്നും സഊദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ
ഇറാഖിലെ ഇറാൻ അനുകൂല അർധസൈനിക വിഭാഗങ്ങൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ 20-ലധികം സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ‘പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്’ (PMF) അറിയിച്ചു. ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ പ്രതികരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
