വാഷിങ്ടൺ: ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങളുടെ താവളങ്ങൾ ലക്ഷ്യമിട്ട് യു.എസ്.-സൗദി അറേബ്യ സംയുക്ത ആക്രമണം. കിഴക്കൻ ഇറാഖിലെ ഭീകരരുടെ ഒട്ടേറെ ആയുധപ്പുരകളും സംഭരണകേന്ദ്രങ്ങളും യു.എസിന്റെയും സൗദിയുടെയും യുദ്ധവിമാനങ്ങൾ ആക്രമിച്ചെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ (ഐ.ആർ.ജി.സി.) നിർദേശപ്രകാരം ഇറാഖി സായുധസംഘങ്ങൾ 72 മണിക്കൂറിനിടെ നടത്തിയ 30-ലേറെ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും പറഞ്ഞു. തുടർ ആക്രമണം വേണ്ടെങ്കിൽ ഐ.ആർ.ജി.സി.യും അവരുടെ ഭീകരനിഴൽസംഘങ്ങളും ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പു നൽകി.
തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ ഇറാഖി സായുധസംഘങ്ങൾ അയച്ച ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് സൗദി പറഞ്ഞിരുന്നു. സൗദിയുടെ കിഴക്കൻ മേഖലകളിലെ എണ്ണശാലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൗദിക്കുനേരേയുള്ള ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ ഇറാഖി പ്രധാനമന്ത്രി അലി അൽ സൈദി അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകി. ഇറാഖിന്റെ മണ്ണിൽനിന്നുള്ള ഇത്തരം ആക്രമണം തടയാൻവേണ്ട നടപടികളെടുക്കാൻ ഇറാഖി ഭരണകൂടത്തോട് സൗദി ആവശ്യപ്പെട്ടിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
