ബോംബിട്ടാലും തകരാത്ത കാർ; പുട്ടിന്റെ ഇന്ത്യൻ യാത്ര ഈ അതിസുരക്ഷ വാഹനങ്ങളിൽ

News Desk
2 Min Read

ലോകത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലുള്ള ഭരണാധികാരികളിൽ ഒരാളായ പുട്ടിന്റെ യാത്രകളിൽ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. യാത്രകളിൽ ശത്രുക്കളുടെ ശ്രദ്ധ തിരിക്കാൻ ഒരേപോലെയുള്ള രണ്ട് ഇല്യൂഷിൻ ഐഎൽ-96 വിമാനങ്ങൾ ഒരേസമയം പറന്നുയരുന്നതാണ് പതിവ് രീതി. ഇതിൽ ഒരെണ്ണം ശത്രുക്കളെ കബളിപ്പിക്കാനുള്ള ‘ഡെക്കോയ്’ (Decoy) വിമാനമായി പ്രവർത്തിക്കുന്നു. പ്രസിഡന്റ് ഇതിൽ ഏതിലാണ് യാത്ര ചെയ്യുന്നതെന്ന് പുറത്തുനിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ സുരക്ഷാ ക്രമീകരണം.

നാല് ആവിയാഡ്വിഗാറ്റൽ (Aviadvigatel PS-90A) ടർബോഫാൻ എൻജിനുകൾ കരുത്തേകുന്ന ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 11,000 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 55.35 മീറ്റർ നീളവും 60.12 മീറ്റർ ചിറകുവിരിവുമുള്ള ഈ വിമാനം നിയന്ത്രിക്കുന്നത് റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രനാണ്. ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും വഴിതിരിച്ചുവിടാൻ ശേഷിയുള്ള റഡാർ ജാമിങ് സംവിധാനങ്ങളും അത്യാധുനിക പ്രതിരോധ കവചങ്ങളും ഇതിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയോ ആണവ യുദ്ധസാഹചര്യമോ ഉണ്ടായാൽ ആകാശത്തിരുന്നുകൊണ്ടുതന്നെ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും നയിക്കാനുള്ള ഒരു സമ്പൂർണ്ണ മൊബൈൽ കമാൻഡ് സെന്ററായും ഇത് പ്രവർത്തിക്കുന്നു.

അതിസുരക്ഷയ്ക്കൊപ്പം അങ്ങേയറ്റം ആഡംബരപൂർണ്ണമായ ഉൾഭാഗമാണ് വിമാനത്തിന്റെ മറ്റൊരു സവിശേഷത. പ്രസിഡന്റിനായുള്ള പ്രത്യേക സ്വകാര്യ സ്യൂട്ട്, വിശ്രമമുറികൾ, ആഡംബര കുളിമുറികൾ, ഉന്നത ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ നടത്താൻ ബോർഡ്‌റൂം മാതൃകയിലുള്ള വലിയ കോൺഫറൻസ് ഹാൾ എന്നിവ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്വർണ്ണം പൂശിയ ഫിറ്റിങ്സുകൾ, പ്രീമിയം ലെതർ സീറ്റുകൾ, തടിയുടെ ചാരുതയാർന്ന അലങ്കാരങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഉൾഭാഗം. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനിലെ സൗകര്യങ്ങൾ പൂർണ്ണമായും ആകാശത്തും ഒരുക്കിയിരിക്കുന്നതിനാലാണ് ഇതിന് ‘പറക്കും ക്രെംലിൻ’ എന്ന പേര് ലഭിച്ചത്.

റഷ്യൻ ആഡംബര കാർ നിർമ്മാതാക്കളായ ഔറസ് മോട്ടോഴ്സ് വികസിപ്പിച്ചെടുത്ത അത്യാഡംബര സുരക്ഷാ കാറാണ് ഔറസ് സെനറ്റ് ലിമോസിൻ. രാജ്യത്തിന്റെ പരമോന്നത നേതാക്കൾക്കായി തദ്ദേശീയമായി നിർമ്മിച്ച വാഹനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കോർട്ടേജ്’ (Kortezh) പദ്ധതിയുടെ ഭാഗമായാണ് 2018-ൽ ഈ വാഹനം പുറത്തിറങ്ങിയത്. ഇതിനു മുൻപ് മെഴ്സിഡസ്-മെയ്ബാക്ക് എസ്-ക്ലാസ് പുൾമാൻ ലിമോസിനായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!