കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും ഭീതിജനകമായ പ്രകൃതി ദുരന്തമായ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പേരിനൊരു ഉടല്‍ ഭാഗം മാത്രമേ പലര്‍ക്കും ലഭിച്ചുള്ളൂ. പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ഏറെ സാക്ഷിയായവരാണെങ്കിലും ഈ വിധം ഒരു നാടിനെ തുടച്ചു നീക്കിക്കളയുമെന്ന് ആരും കരുതിയിരുന്നില്ല. അന്നത്തെ നനുത്ത മഴ അവര്‍ക്ക് എപ്പോഴത്തേയും പോലെയായിരുന്നു. പലരും വീടുകളില്‍ അന്തിയുറങ്ങി. എന്നാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന പച്ചമഞ്ഞള്‍ പുഴുങ്ങിയതു പോലുള്ള മണം പലരേയും ഭയപ്പെടുത്തി. ചിലര്‍ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറി.
ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. വെറുമൊരു മണ്ണിടിച്ചില്‍ അടുത്ത നിമിഷം സര്‍വതും തകര്‍ത്തെറിഞ്ഞു. അര്‍ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ പതിച്ചു.
പ്രദേശവാസികളില്‍നിന്നു കലക്ടറേറ്റിലേക്ക് 30 ന് പുലര്‍ച്ചയോടെ ആദ്യ വിളിയെത്തി. പിന്നാലെ രക്ഷാകരങ്ങള്‍ ഓടിയെത്തി. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ എട്ടു കിലോ മീറ്ററില്‍ 8,600 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. മരിച്ച 298 പേരില്‍ 99 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ പരുക്കേറ്റവര്‍ 390ല്‍ അധികം പേരെന്ന് കണക്കുകള്‍ അടിവരയിടുന്നു. വയനാടിന്റെ തണുപ്പിലുറങ്ങാന്‍ കൊതിച്ച് പച്ചപ്പു കാണാന്‍ ആശിച്ച് അന്യനാട്ടില്‍ നിന്നെത്തിയ സഞ്ചാരികളും മരണ കണക്കുകളിലുണ്ട്. പ്രവാസ ഭൂമിയില്‍ ജീവിത കാലം മുഴുവന്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഒഴുകിപ്പോയവര്‍, കുടുംബത്തിന്റെ നാരായ വേരും നഷ്ടമായവര്‍..
പ്രകൃതി താണ്ഡവമാടിയ മണ്ണില്‍ പുതിയ പ്രതീക്ഷകള്‍ തളിരിടുകയാണ്. ഒരു നിമിഷാര്‍ധത്തില്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ മനുഷ്യരുടെ ഓര്‍മയില്‍ ശേഷിച്ച മനുഷ്യര്‍ ഒത്തു ചേരുന്നു. അവര്‍ പഴയ കുടുംബ ബന്ധങ്ങളുടെ വൈകാരികമായ നിമിഷങ്ങള്‍ വീണ്ടെടുക്കുന്നു. വെള്ളാര്‍മല സ്‌കൂളിനു നഷ്ടമായ കുഞ്ഞുങ്ങളുടെ ഓര്‍മകള്‍ അവിടെ തളിര്‍ത്തു നില്‍ക്കുന്നു. പ്രകൃതി ബോധത്തോടെ വളര്‍ന്ന കുഞ്ഞുങ്ങള്‍ വെള്ളാര്‍മല മോഡല്‍ സ്‌കൂളിനായുള്ള പരിശ്രമത്തിലായിരുന്നു. പ്രകൃതി ബാക്കി വച്ചവര്‍ വേദനകളെ കടിച്ചിറക്കി പുതിയ ജീവിതത്തിന്റെ വെളിച്ചം തേടുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
