അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

News Desk
1 Min Read

കൊച്ചി: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. ഇന്നലെ അബുദാബിയിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയിൽ (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്.

വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്ച്ചെടുത്ത അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ വേർതിരിക്കലിൽ ഇതിൽ നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വർണം കണ്ടെടുത്തു.

ഇതിനുപുറമേ, 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിനു വിപണിയിൽ ആകെ 1,97,22,653 രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ജംഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇയാൾ ഏതെങ്കിലും വലിയ സ്വർണക്കടത്ത് സംഘത്തിന്റെ ഭാഗമാണോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article