ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി. ജയരാജന്‍ മര്‍ദിച്ചെന്ന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം

News Desk
1 Min Read

ഇൻഡിഗോ വിമാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ മർദിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡിവൈഎസ്‌പി പി.വി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. ഇതിനിടെ പിണറായി വിജയനൊപ്പം ഉണ്ടായിരുന്ന ജയരാജൻ തങ്ങളെ മർദിച്ചു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

2022 ജൂൺ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നെങ്കിലും, മർദന പരാതിയിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വലിയതുറ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോര്‍ട്ട് തള്ളിയ കോടതി കൂടുതൽ അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഇൻഡിഗോ ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഇൻഡിഗോ വിമാനത്തിലെ യാത്ര ജയരാജന്‍ അവസാനിപ്പിച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ ജയരാജനോട് പല തവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോള്‍, ഡല്‍ഹിക്ക് പോകാന്‍ വേണ്ടിയാണ് ഇ.പി. ജയരാജന്‍ ഇന്‍ഡിഗോ യാത്രാ ബഹിഷ്കരണം അവസാനിപ്പിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article