സ്കൂളിൽ പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു; ഗുരുതര പരുക്ക്

News Desk
1 Min Read

മറയൂർ: സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥി ചികിത്സയിൽ. ഇന്നലെ രാവിലെ 8നു മറയൂർ പള്ളനാട് ഭാഗത്താണു സംഭവം. പള്ളനാട് സ്വദേശി രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണു പരുക്കേറ്റത്. പള്ളനാട് എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

വീട്ടിൽനിന്നിറങ്ങി നടന്നു മറയൂർ–മൂന്നാർ സംസ്ഥാന പാതയിലെ പള്ളനാട് ഭാഗത്തെത്തി ഓട്ടോയിലാണു കാർത്തിക് പതിവായി സ്കൂളിൽ പോകുന്നത്. ഇന്നലെ ഓട്ടോയ്ക്കായി കാത്തുനിൽക്കുമ്പോൾ സമീപത്തെ ചന്ദനക്കാട്ടിൽനിന്നു കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉച്ചത്തിൽ നിലവിളിച്ചതോടെ കാർത്തിക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കൊമ്പിൽ തൂക്കി എറിഞ്ഞു.

20 മീറ്ററോളം അകലെ വീണ കാർത്തിക്കിനു തോളെല്ലിനും കൈക്കും പരുക്കേറ്റു. ഓടിക്കൂടിയ പ്രദേശവാസികൾ കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിമാലി താലൂക്കാശുപത്രിയിലും അവിടെനിന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയ പൂർത്തിയായെന്നും കാർത്തിക് അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article