പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ

News Desk
1 Min Read

ലക്നൗ: പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് സംഭവം.

സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശി (20) വിവാഹം കഴിച്ചത്. 

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മൂന്ന് യുവതികളും. ഇവരുടെ വിഡിയോകൾ പകർത്തിയിരുന്നത് വികാസാണ്. യുവതികളുടെ ഭർത്താവായി ഇടയ്ക്ക് ചില വിഡിയോകളിൽ വികാസ് അഭിനയിക്കുകയും ചെയ്തു.

സഹോദരിമാർക്ക് വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങിയതോടെ പിരിഞ്ഞു ജീവിക്കേണ്ടി വരുമല്ലോയെന്ന ഭയത്തെത്തുടർന്നാണ് ഒരാളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വിഡിയോയിൽ പറയുന്നു. ‘കുട്ടിക്കാലം മുതൽ ‍ഞങ്ങൾ ഒന്നിച്ചാണ്.

വേർപിരിഞ്ഞു ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വയ്യ. വിവാഹം ഞങ്ങളെ വേർപിരിക്കുമെന്ന് മനസിലായപ്പോൾ ജീവനൊടുക്കാൻ വരെ തീരുമാനിച്ചിരുന്നു. പിന്നീടാണ്, മരിക്കുന്നതിനു പകരം ഒരു പുരുഷനെ വിവാഹം ചെയ്ത് ജീവിക്കാമെന്ന് തീരുമാനിച്ചത്.’–സരോജ് പറഞ്ഞു. തങ്ങൾ പ്രായപൂർത്തിയായവർ ആണെന്നും സ്വന്തം തീരുമാനമെടുക്കാൻ കഴിയുമെന്നും യുവതി കൂട്ടിച്ചേർത്തു.

ചാമുണ്ഡ മാത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. മൂന്നു പേർക്കും വികാസ് സിന്ദൂരമണിയിക്കുന്നതിന്റെയും മറ്റ് വിവാഹച്ചടങ്ങുകളുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതികളുടെയും യുവാവിന്റെയും കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 

സഹോദരിമാരുടെ ആത്മബന്ധം നന്നായി അറിയുന്നതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് വികാസ് പറയുന്നത്. അതേസമയം, സംഭവം നിയമപരമായ ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. ഹിന്ദു വിവാഹനിയമ പ്രകാരം ഇത്തരം വിവാഹത്തിന് സാധുതയില്ലെന്ന് നിയമവിദഗ്ധർ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article