തോട്ടി ഉപയോഗിച്ച് തേങ്ങിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; അമ്മക്ക് കെ എസ് ഇ ബി 36.50 ലക്ഷം നല്‍കാന്‍ ഉത്തരവ്

News Desk
1 Min Read

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. 2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം.

വെല്‍ഡിങ് ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു യുവാവിന് ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇളയ സഹോദരി പത്താം ക്ലാസിലായിരുന്നു. മൂത്ത സഹോദരി വിവാഹിതയും. കെഎസ്ഇബി യുമായി നഷ്ടപരിഹാരത്തിനായി കേസ് നടക്കുന്നതിനിടെ അച്ഛന്‍ മരിച്ചു.

2023ലാണ് സനുവിന്റെ അമ്മ സത്യഭാമ നഷ്ടപരിഹാരത്തിലായി അദാലത്തിനെ സമീപിച്ചത്. വൈദ്യുതി ബോര്‍ഡ് ലൈനിന്റെ സുരക്ഷിതത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.എന്നാല്‍ അപകടം സംഭവിച്ചത് സനുവിന്റെ അശ്രദ്ധയും അലക്ഷ്യമായ പ്രവര്‍ത്തിയും കൊണ്ടാണെന്നാണ് ബോര്‍ഡ് വാദിച്ചത്. ഫൈനല്‍ സെറ്റില്‍മെന്റ് ആയി കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കിയതും അദാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് 2024 ല്‍ അദാലത്ത് സത്യഭാമയുടെ പരാതി തള്ളി. ഇതിനെതിരെ സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.വാദത്തിനൊടുവില്‍ ബോര്‍ഡിന്റെ വീഴ്ച്ച കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അദാലത്ത് കണ്ടെത്തിയത്. തോട്ടി വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നപ്പോള്‍ ട്രിപ്പ് ആവേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ട്രിപ്പ് ആവാനുള്ള പ്രൊട്ടക്റ്റീവ് ഫ്യൂസ് സിസ്റ്റം പ്രവര്‍ത്തിച്ചില്ല എന്നത് ബോര്‍ഡിന്റെ വീഴ്ചയാണെന്നും കണ്ടെത്തി

സനുവിന് പ്രതിദിനം 1,000 രൂപ വരുമാനം ഉണ്ടായിരുന്നെന്നാണ് കുടുംബം അദാലത്തില്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വെല്‍ഡര്‍ ജോലിക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദാലത്ത് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മുമ്പ് നല്‍കിയ 2 ലക്ഷം കഴിച്ച് 36.50 ലക്ഷം അമ്മക്ക് ബോര്‍ഡ് നല്‍കണം. ഈ തുകക്ക് 6 ശതമാനം പലിശയും കൂടാതെ 10,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നും ഉത്തരവിലുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!