യൂണിഫോമും നെയിം പ്ലേറ്റും ഇല്ല; ലാത്തിയിൽ ആണി? ഡൽഹിയിൽ പോലീസ് വേട്ട

News Desk
1 Min Read

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ സേനകൾ നേരിടുന്നത് പെല്ലറ്റ് തോക്കുൾപ്പെടെ പ്രയോഗിച്ച് ദേശവിരുദ്ധരെ നേരിടുന്ന രീതിയിൽ. യൂണിഫോം ധരിക്കാതെയും നെയിം പ്ലേറ്റ് ഇല്ലാതെയും എത്തിയവർ അതിക്രൂരമായാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ തല്ലിച്ചതച്ചത്.

ഇവരിൽ ചിലർ സേനാംഗങ്ങളല്ലെന്നും സംഘപരിവാറിൽ നിന്നുള്ളവരാണെന്നും വിദ്യാർഥികൾ ആരോപിച്ചു. കയ്യിൽ ചരടുകൾ കെട്ടിയെത്തിയ ചെറുപ്പക്കാർ പെൺകുട്ടികളെ ക്രൂരമായി തല്ലിയെന്ന് ഇവർ പറഞ്ഞു. മർദനത്തിന്റെ ഒട്ടേറെ വിഡിയോ ദൃശ്യങ്ങൾ സിജെപി പങ്കുവച്ചിട്ടുണ്ട്. സേനാംഗങ്ങൾ ഉപയോഗിക്കുന്ന ബൂട്ടിനു പകരം ചെരിപ്പു ധരിച്ചു മറ്റും എത്തിയവരെയും നെയിം പ്ലേറ്റ് ഇല്ലാത്തവരെയും പ്രക്ഷോഭകർ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

തല്ലാൻ ഉപയോഗിച്ചവയിൽ ആണി പോലെ മൂർച്ചയുള്ള ലോഹഭാഗം ഉറപ്പിച്ച ലാത്തികളുമുണ്ടെന്നു പ്രക്ഷോഭകർ പറയുന്നു. ഇതു നിഷേധിച്ച് ഡൽഹി പൊലീസും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്തെത്തി. ഫാക്ട് ചെക്ക് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു.

തെറ്റിദ്ധരിപ്പിക്കലാണ് ഈ ഫാക്ട് ചെക്കിന്റെ ലക്ഷ്യമെന്നു പറഞ്ഞ സിജെപി, വിശാൽ തോമർ എന്ന പൊലീസുകാരന്റെ കയ്യിലെ ആണിയുള്ള ലാത്തി പിടിച്ച് ചോദ്യം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. പ്രതിഷേധ സ്ഥലത്തുനിന്നു പുറത്തേക്കു പോകുന്ന യുവതിയുടെ പിൻഭാഗത്ത് ലാത്തികൊണ്ട് കുത്തുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും ഒട്ടേറെപ്പേർ പങ്കുവച്ചു.

പ്രക്ഷോഭകർക്കു നേരെ ഉപയോഗിച്ച കണ്ണീർവാതക ഷെല്ലുകളിൽ ചിലതു കാലാവധി കഴിഞ്ഞവയാണെന്നു തെളിയിക്കുന്ന ചിത്രങ്ങളും ഇവർ പങ്കുവച്ചു. കഴിഞ്ഞ ഡിസംബർവരെ കാലാവധി രേഖപ്പെടുത്തിയ ഷെല്ലുകളുടെ ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്.

ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു വിദ്യാർഥികൾ പറയുന്നു. പ്രക്ഷോഭം അക്രമാസക്തമായപ്പോൾ സേനയുടെ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തകർത്തിട്ടുണ്ട്. എന്നാൽ, ഇതിന്റെയെല്ലാം ഉത്തരവാദിത്തം തങ്ങളുടെമേൽ കെട്ടിവയ്ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും സിജെപി പറയുന്നു. പൊലീസുകാർതന്നെ ലാത്തി ഉപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുന്ന ദൃശ്യങ്ങൾ സിജെപി പുറത്തുവിട്ടു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article