വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച, നടന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

News Desk
1 Min Read

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച നടന്‍ ടോവിനോ തോമസിന്റെ വീടിനു മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചപ്പോള്‍, താരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ.

രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന നടന്‍ എന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധിച്ചത്. പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകര്‍ പ്രകടനമായെത്തി ടോവിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇങ്ങനെ കൈകാര്യം ചെയ്യപ്പെടാന്‍ മാത്രം വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന വാക്കുകളോടെയായിരുന്നു ടോവിനോ ഡല്‍ഹിയിലെ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചത്.

കേരളത്തില്‍ പിഎസ്‍സി റാങ്കിലുള്ളവര്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും, കേരളത്തിലെ നഴ്സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത, രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വായ തുറന്നു തുടങ്ങി എന്ന ബാനറുമായാണ് യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം പ്രവര്‍ത്തകര്‍ ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. ദേശ വിരുദ്ധ സമരത്തെ അനുകൂലിച്ചു എന്നാരോപിച്ച് വായമൂടിക്കെട്ടിയായിരുന്നു പ്രതിഷേധം.

യുവമോര്‍ച്ച പ്രതിഷേധത്തിനു പിന്നാലെയാണ് ഡിവൈഎഫ്ഐ നടന് ഐക്യദാര്‍ഢ്യവുമായി എത്തിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായെത്തിയാണ് ടോവിനോയ്ക്ക് പിന്തുണ അറിയിച്ചത്.

ശരിയും തെറ്റും ആപേക്ഷികമായിരിക്കും, പക്ഷേ സമാധാനപരമായൊരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല എന്നായിരുന്നു ടോവിനോ ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തെ വിമര്‍ശിച്ചത്. രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍, ആ ശബ്ദത്തെ കരുത്തുകൊണ്ട് നേരിടുമ്പോള്‍, ഭാവിയെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നു പോകുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്തും തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ കൈകാര്യം ചെയ്യപ്പെടാന്‍ മാത്രം എന്താണ് അവര്‍ ചെയ്തത്? എന്നിങ്ങനെയായിരുന്നു ടോവിനോയുടെ വാക്കുകള്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article