ഗാന്ധിനഗർ: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുരേഷ് വിത്തൽ പർമറിനെയാണ് (30) പൊലീസ് വെടിവച്ചു കൊന്നത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് പ്രതിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ ബൊർസാദിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ ഛർദിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനത്തിൽനിന്നും പുറത്തേക്കിറക്കി. ഈ സമയം ഒളിപ്പിച്ചു വച്ചിരുന്ന കത്തി പുറത്തെടുത്ത് പ്രതി പൊലീസുകാരെ ആക്രമിച്ചു. രണ്ട് പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റെന്നും അഹമ്മദാബാദ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാഘവേന്ദ്ര വത്സ പറഞ്ഞു.
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയോട് കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയശേഷം സ്വയം പ്രതിരോധത്തിനായി പൊലീസ് പ്രതിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റ പ്രതിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് സുരേഷ് വിത്തൽ പർമർ ബലാത്സംഗക്കേസിൽ പ്രതിയാകുന്നത്. റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരി ജൂലൈ 18നാണ് പീഡനത്തിനു ഇരയായി കൊല്ലപ്പെട്ടത്. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർ പർമറിനെ തിരിച്ചറിഞ്ഞത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
