കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; കൃത്യം നടത്തിയത് ക്ഷേത്രദര്‍ശനത്തിന് പോകവെ

News Desk
2 Min Read

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും പോലീസ് പിടിയിലായി. ഡിജിറ്റല്‍ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാങ്കേതിക വിശകലനം എന്നിവയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതികള്‍ പോലീസ് പിടിയിലായത്.

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. ശാന്തിപുരം സ്വദേശിനിയായ ഹാസിനിയെ (19) രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ഹോസൂരിലെ ഒരു സ്വകാര്യ കമ്പനിയിലാണ് രമേഷ് ജോലി ചെയ്തിരുന്നത്.അതേ സമയം ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ധറുമായി (20) ബന്ധം തുടര്‍ന്നിരുന്നു. ബന്ധത്തിന് തടസമാകുമെന്ന് കരുതി ഇരുവരും ചേര്‍ന്നാണ് രമേഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി

ചൊവ്വാഴ്ച ഗുഡുപല്ലെ മണ്ഡലത്തിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഹാസിനി രമേഷിനെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. ദമ്പതികള്‍ മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍, ഹാസിനി തന്റെ ഫോണിലൂടെ ലൈവ് ലൊക്കേഷന്‍ യുഗന്ധറുമായി നിരന്തരം പങ്കുവെച്ചിരുന്നു. ഇത് കൊലപാതകികള്‍ക്ക് ഇവരുടെ സഞ്ചാരം കൃത്യമായി മനസ്സിലാക്കാന്‍ സഹായകമായി .

ഹില്‍ റോഡിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിന് സമീപമാണ് കൊലപാതക പദ്ധതി നടപ്പിലാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഹാസിനി മനപ്പൂര്‍വ്വം തന്റെ ഹാന്‍ഡ്ബാഗ് താഴെയിട്ടപ്പോള്‍, ബാഗ് എടുക്കാനായി രമേഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. ഈ സമയം മറഞ്ഞിരുന്ന യുഗന്ധറും കൂട്ടാളികളും രമേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഭയന്നോടിയ രമേഷിനെ ഇവര്‍ 100 മീറ്ററോളം കാട്ടിലേക്ക് പിന്തുടര്‍ന്ന് മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഹാസിനിയെയും കൊച്ചുമകളെയും കാണാതായതിനെ തുടര്‍ന്ന് ഹാസിനിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രമേഷ് ഭാര്യയുമൊത്ത് ക്ഷേത്രത്തിലേക്ക് പോകുന്നത് കാണാമായിരുന്നെങ്കിലും, പിന്നീട് യുവതി മറ്റ് രണ്ട് പുരുഷന്മാര്‍ക്കൊപ്പം കൊല്ലപ്പെട്ട രമേഷിന്റെ ബൈക്കില്‍ അവിടെ നിന്നും മടങ്ങുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ രേഖകളും ലൊക്കേഷന്‍ വിവരങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

രമേഷിനെ വിവാഹം കഴിക്കുമ്പോള്‍ ഹാസിനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പ്രായപൂര്‍ത്തിയാകാത്തവളും ആയിരുന്നുവെന്ന ഗ്രാമവാസികളുടെ ആരോപണങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article