ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

0
134

ന്യൂഡല്‍ഹി: ഡല്‍ഹിയിവല്‍ ആശങ്കപടര്‍ത്തി വീണ്ടും സ്‌ഫോടന ശബ്ദം.  മഹിപാല്‍പൂരിലെ റാഡിസണ്‍ ഹോട്ടലിന് സമീപത്ത് നിന്നാണ് സ്‌ഫോടന ശബ്ദമുയര്‍ന്നത്. പ്രദേശവാസികള്‍ അറിയിച്ചതിന് പിന്നാലെ അഗ്‌നിരക്ഷാ സേനയും പൊലിസുമടക്കമുള്ളവര്‍ സ്ഥലത്തെത്തി. പിന്നീട് നടന്ന പരിശോധനയില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളിലൊന്നിന്റെ ടയര്‍ പൊട്ടിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.18ഓടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികള്‍ പൊലിസിലും അഗ്‌നിരക്ഷാസേനയെയും വിളിച്ചറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. പരിശോധനയില്‍ ദൗല കുവാനിലേക്ക് പോകുകയായിരുന്ന ഡി.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് ശബ്ദമുണ്ടായതെന്ന് കണ്ടെത്തിയതായും പൊലി വ്യക്തമാക്കി.  നിലവില്‍ അഗ്‌നിശമന സേനയുടെ മൂന്ന് സംഘങ്ങള്‍ സ്ഥലത്തുണ്ട്. 

ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ, രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ജംഗ്ഷനുകളില്‍ പൊലിസ്, സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നവംബര്‍ 10ന് ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്.