ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ലോകകപ്പ് ടിക്കറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു

News Desk
1 Min Read

ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കവേ, ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ആതിഥേയരായ അമേരിക്കയും പോർച്ചുഗലും ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നിർണ്ണായക മത്സരങ്ങളുടെ ടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. സെക്കൻഡറി മാർക്കറ്റ്‌പ്ലേസായ ‘ടിക്-പിക്’ (TickPick) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലാണ് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ ഏകദേശം 2,950 ഡോളർ (ഏകദേശം 2.47 ലക്ഷം രൂപ) വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില, ചൊവ്വാഴ്ച ഉച്ചയോടെ 1,200 ഡോളറിലേക്ക് (ഏകദേശം 1 ലക്ഷം രൂപ) കൂപ്പുകുത്തുകയായിരുന്നു.

പ്രീ-ക്വാർട്ടറിൽ ബെൽജിയത്തോട് 4-1 ന് അമേരിക്ക പരാജയപ്പെട്ടതാണ് ടിക്കറ്റ് ഡിമാൻഡ് കുറയാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. ആതിഥേയർ ക്വാർട്ടറിൽ ഉണ്ടായിരുന്നെങ്കിൽ ആരാധകരുടെ തിരക്ക് കാരണം വില ഇനിയും ഉയരുമായിരുന്നു. കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതും ടിക്കറ്റ് വിലയെ ബാധിച്ചു. റൊണാൾഡോയും ആതിഥേയരായ അമേരിക്കയും തമ്മിലുള്ള ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലും ഈ വിലയിടിവ് പ്രകടമാണ്. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്കും കൂപ്പുകുത്തിയിരുന്നു. 989 ഡോളര്‍ (ഏകദേശം 83,000 രൂപ) മുതല്‍ ഫ്രാൻസ്- മൊറോക്കോ മല്‍സരത്തിന്‍റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫ്രാൻസ്- മൊറോക്കോ മല്‍സരങ്ങളോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ആരംഭിച്ചത്.

അതേസമയം, സ്പെയിൻ- ബെൽജിയം മത്സരം ഇന്ത്യന്‍ സമയം ഇന്ന് അര്‍ദ്ധരാത്രി 12.30 ന് നടക്കും. മാത്രമല്ല, ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ എർലിങ് ഹാളണ്ടിന്റെ നോർവേ, ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടിനെ നേരിടും. അവസാന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും. ഞായറാഴ്ച തന്നെയാണ് ഈ മല്‍സരവും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article