ദുബായ്: യുഎഇയിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും വടക്കൻ ജില്ലകളിെല മലയാളികൾ ഏറെ ആശ്രയിക്കുന്ന കർണാടകയിലെ മംഗളൂരുവിലേക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ നേരിയ കുറവുണ്ടായതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
വേനലവധിക്കാലത്തെ ആദ്യത്തെ യാത്രാത്തിരക്ക് ഒഴിഞ്ഞതിനെത്തുടർന്ന് ജൂലൈയിൽ ടിക്കറ്റ് നിരക്കിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരള സെക്ടറിലും മംഗളൂരുവിലും ഇപ്പോഴും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
ജൂലൈ അവസാന വാരത്തിലെ (ജൂലൈ 21-31) നിരക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ആയിരം ദിർഹത്തിന് മുകളിൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാകുമ്പോൾ കേരളത്തിലെയും മംഗളൂരുവിലെയും നിരക്കുകൾ ഇപ്രകാരമാണ്:
1,578 ദിർഹം മുതൽ (റിട്ടേൺ നിരക്ക്), മംഗളൂരു: 1,928 ദിർഹം മുതൽ (റിട്ടേൺ നിരക്ക്)
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേക്കും മറ്റ് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കും ഉത്തരേന്ത്യയെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് തുടരുന്നത്.
ജൂൺ പകുതിയോടെയുണ്ടായ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ നേരിയ ആശ്വാസമുണ്ടെങ്കിലും ഈ കുറവ് ജൂലൈയിലെ ചില ദിവസങ്ങളിൽ മാത്രമായിരിക്കുമെന്നാണ് ട്രാവൽ രംഗത്തുള്ളവർ നൽകുന്ന സൂചന.
വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റിൽ പ്രവാസികൾ മടങ്ങാനിരിക്കുന്നതിനാൽ അടുത്ത മാസം മുതൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ദുബായിൽനിന്നുള്ള സർവീസുകളെ അപേക്ഷിച്ച് നിലവിൽ അബുദാബിയിൽനിന്നുള്ള വിമാനങ്ങൾക്ക് നിരക്ക് അല്പം കുറവാണ്.
വരും ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നവർ എത്രയും വേഗം ബുക്കിങ് പൂർത്തിയാക്കുന്നതാകും ഉചിതമെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
