വാഷിങ്ടൺ: വെടിനിർത്തൽ സമയം തീർന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ വ്യാപക ആക്രമണം വീണ്ടും നടത്തി അമേരിക്ക. തുടർച്ചയായ രണ്ടാം ദിനവും കനത്ത പ്രത്യാക്രണവുമായി യുഎസ് രംഗത്തെത്തിയത് മേഖലയെ വീണ്ടും അരക്ഷിതാവസ്ഥയിലെത്തി. ആദ്യദിനം 80 ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയപ്പോൾ കഴിഞ്ഞ ദിവസം 90 ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, അമേരിക്കയുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങുകയാണ് ഇറാൻ. മേഖലയിലെ വിവിധ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളായിരിക്കും ഇറാൻ ലക്ഷ്യം എങ്കിലും അത് മേഖലയിൽ വൻ ഭീതിയാണ് ഉയർത്തുക.
‘വാണിജ്യ കപ്പലുകളെയും നിരപരാധികളായ സാധാരണ നാവികരെയും ആക്രമിക്കാനുള്ള ഇറാന്റെ കഴിവ് കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതിനായി ജൂലായ് 8-ന് ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തി. ഇറാനിയൻ തീരപ്രദേശത്തുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നാവിക ശേഷി, സൈനിക ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ഏകദേശം 90 ഇറാനിയൻ സൈനിക ലക്ഷ്യങ്ങളിൽ യു.എസ്. സൈന്യം ആക്രമണം നടത്തി. തലേദിവസം രാത്രി നടന്ന വിജയകരമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ ഏറ്റവും പുതിയ ആക്രമണങ്ങൾ’ യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു. കമാൻഡർ ഇൻ ചീഫ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ യു.എസ്. സൈന്യം ജാഗ്രതയോടെ സജ്ജമായി നിലകൊള്ളുന്നുവെന്നും അവർ വ്യക്തമാക്കി.
ഇറാൻ ഒന്നടിച്ചാൽ ഇരുപത് ഇരട്ടിയായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിന് പിന്നാലെ പ്രതികരിച്ചു. ഇറാനെതിരെ ‘സൈനികമായി’ വിജയം നേടിയതായി ട്രംപ് അവകാശപ്പെട്ടു, യുഎസ് സേന ടെഹ്റാന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തിയതോടെ ഇറാനിയൻ നേതൃത്വം ഒരു കരാറിനായി തങ്ങളെ സമീപിച്ചതായും ട്രംപ് അവകാശപ്പെട്ടു.
‘ഞങ്ങൾ സൈനികമായി ഇതിനകം വിജയിച്ചിരിക്കുന്നു. അവർക്ക് വളരെ കുറച്ചേ അവശേഷിക്കുന്നുള്ളൂ… കുറച്ച് സമയം മുമ്പ് അവർ വിളിച്ചു. അവർക്ക് ഒരു കരാർ ഉണ്ടാക്കാൻ വളരെ താൽപ്പര്യമുണ്ട്. ഒരു കരാറിന് അവർ അർഹരാണോ എന്ന് എനിക്കറിയില്ല. അവർ കരാർ പാലിക്കുമോ എന്ന് എനിക്കറിയില്ല’ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
